കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്ത് ഒരു വര്‍ഷം തികയുമ്പോള്‍ തന്നെ ചരിത്ര വിജയം: ഇത് പപ്പുമോനെന്ന് വിളിച്ച് കളിയാക്കിയവര്‍ക്കുള്ള ശക്തമായ മറുപടി

single-img
11 December 2018

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നതോടുകൂടി ബിജെപി അധികാരത്തില്‍ ഇരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുന്നുവെന്നാണ് സൂചനകള്‍.

ഒന്നര പതിറ്റാണ്ടോളം ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍. ഇതില്‍ ഛത്തീസ്ഢില്‍ കോണ്‍ഗ്രസ് കേവലഭൂരിക്ഷമായ 46 സീറ്റിനും മുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഇവിടെ കേവല ഭൂരിപക്ഷം നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് ഇത് തെളിയിക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത് ബിജെപിക്ക് കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനായില്ലെങ്കില്‍ ഈ സംസ്ഥാനവും കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുന്ന സ്ഥിതി വിശേഷമുണ്ടാകും. നിലവിലെ ഫലസൂചനകള്‍ പരിശോധിച്ചാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തന്നെയാണ് അവസാന വിജയി ആകുകയെന്നാണ് റിപ്പോര്‍ട്ട്.

രാജസ്ഥാനിലും ബിജെപിക്ക് അടി തെറ്റിയിരിക്കുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരവും ഒപ്പം പാളയത്തിലെ പടയുമാണ് രാജസ്ഥാനില്‍ ബിജിപി നേരിടുന്നത്. ബിജെപിയുടെ ദൗര്‍ബല്യങ്ങളെ മുതലാക്കി രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടികള്‍ ഉണ്ടാക്കും. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ രീതിയില്‍ തന്നെയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഇത് തുടര്‍ന്നാല്‍ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താന്‍ ബിജെപിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടതായി വരും എന്നത് തീര്‍ച്ചയാണ്.

പപ്പുമോനെന്ന കളിയാക്കലുകള്‍ക്കിടയില്‍ നിന്നും രാഹുല്‍ ഗാന്ധിയെന്ന ശക്തനായ നേതാവിലേക്കുള്ള വളര്‍ച്ചയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബി.ജെ.പി ഭരണം നിലനിന്നിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും അട്ടിമറിച്ച് മികച്ച നേട്ടം കൊയ്യാനായത് രാഹുലിന്റെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനത്തിലൂടെയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ തന്നെ ചരിത്ര വിജയം നേടാനായതും ശ്രദ്ധേയമാണ്.

നരേന്ദ്ര മോദിയെന്ന അതികായകനോട് മത്സരിക്കാന്‍ തക്ക നേതാവായി രാഹുല്‍ ഗാന്ധി വളര്‍ന്നുവെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നത് കൂടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. എന്നാല്‍ തങ്ങളുടെ ഭരണം നിലനിന്നിരുന്ന മിസോറാമില്‍ അടിപതറിയത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.