‘എല്ലാ ഇന്ത്യക്കാരും കരുതിയിരിക്കണം’; മുന്നറിയിപ്പുമായി രഘുറാം രാജന്‍

single-img
11 December 2018

ഉര്‍ജിത് പട്ടേലിന്റെ രാജിക്ക് പിന്നാലെ എല്ലാ ഇന്ത്യക്കാരും കരുതിയിരിക്കണമെന്നും രാജിവെച്ചത് അതീവ ഗൗരവത്തോടെ കാണണമെന്നും മുന്‍ ആര്‍.ബി.ഐ ഗവര്‍ണറും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനുമായ രഘുറാം രാജന്‍. ‘ഒരു സര്‍ക്കാരുദ്യോഗസ്ഥന്റെ രാജി അദ്ദേഹത്തിന്റെ പ്രതിഷേധമായാണ് കാണേണ്ടത്.

നിലവിലെ നയങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന തുറന്നു പറച്ചിലാണത്’ എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ‘അദ്ദേഹത്തിന്റെ പ്രസ്താവനയെ ബഹുമാനിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്താണെന്ന് നമ്മള്‍ അന്വേഷിക്കണം’ രാജന്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്ത് പ്രധാനമാണെന്നും ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രഘുറാം രാജന് ശേഷം ആര്‍.ബി.ഐ ഗവര്‍ണറായി ചുമതല ഏറ്റെടുത്ത വ്യക്തിത്വമാണ് ഉര്‍ജിത് പട്ടേല്‍.

സാമ്പത്തിക അടിയന്തരാവസ്ഥക്ക് രണ്ട് മാസം മുമ്പാണ് രഘുറാം രാജന്‍ രാജി വെക്കുന്നത്. രഘുറാം രാജന്റെ രാജികത്തില്‍ ‘പ്രതിഷേധ കുറിപ്പ്’ എന്ന് സംബോധനം ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ഉര്‍ജിത് പട്ടേല്‍ രാജികത്തില്‍ പറയുന്നത്. സര്‍ക്കാരും ആര്‍.ബി.ഐയും ആഴ്ച്ചകളായി ആര്‍.ബി.ഐയുടെ സ്വയംഭരണത്തെ ക്കുറിച്ചുള്ള തര്‍ക്കത്തിലായിരുന്നു.