പ്രവാസികളെ സമ്മര്‍ദ്ദത്തിലാക്കി പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്ക് നിബന്ധനകള്‍ കടുപ്പിച്ച് ഇന്ത്യന്‍ എംബസ്സി

single-img
11 December 2018

ഇന്ത്യന്‍ പ്രവാസികളെ സമ്മര്‍ദ്ദത്തിലാക്കി പുതിയ നിബന്ധനയുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തിയിരിക്കുകയാണ്. പുതിയ നിയമ പ്രകാരം പാസ്‌പോര്‍ട്ട് അപേഷകളില്‍ റഫറന്‍സ് രേഖകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ രണ്ട് പേരുടെ മേല്‍വിലാസം, സിവില്‍ ഐ. ഡി. പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും അപേക്ഷാഫോറത്തിന്റെ 19ആം നമ്പര്‍ കോളത്തില്‍ ചേര്‍ക്കണമെന്നാണ് പുതിയ നിര്‍ദേശം. കുവൈത്തില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന കോക്‌സ് ആന്‍ഡ് കിങ്‌സ് എന്ന ഏജന്‍സിക്കയച്ച സര്‍ക്കുലറിലാണ് എംബസി പുതിയ നിബന്ധനകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ലാത്തതിനാല്‍ നിരവധിയാളുകള്‍ പാസ്‌പോര്‍ട്ട് പുതുക്കുവാന്‍ കഴിയാതെ കേന്ദ്രത്തില്‍ നിന്നും മടങ്ങി പോവുകയാണ് ചെയ്യുന്നത്. എംബസിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ഗാര്‍ഹിക ജോലികള്‍ക്കായി കുവൈത്തില്‍ എത്തിയവര്‍ക്ക് പുതിയ നിര്‍ദേശം ബുദ്ധിമുട്ട് സൃഷ്ടിക്കും. റഫറന്‍സിന് പെട്ടെന്ന് ആളെ കിട്ടുവാന്‍ വിഷമമായിരിക്കും. കുവൈത്തിലെ പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവര്‍ത്തികള്‍ എംബസിയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്നു എന്നാണ് ആക്ഷേപം.