മധ്യപ്രദേശിൽ സസ്പെൻസ് ക്ളൈമാക്സിലേക്ക്; വോട്ടെണ്ണൽ രാത്രി 10 മണിവരെ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

single-img
11 December 2018

രണ്ട് പതിറ്റാണ്ടിന് ശേഷം മധ്യപ്രദേശിന്റെ എല്ലാ മേഖലകളിലും ആധിപത്യം ഉറപ്പിച്ച്  കോൺഗ്രസ് നടത്തിയ മുന്നേറ്റത്തില്‍ അനിശ്ചിതത്വം തുടരുന്നു. മധ്യപ്രദേശിലെ ലീഡ് നില വീണ്ടും മാറിമറയുകയാണ്. അതേസമയം മധ്യപ്രദേശിലെ വോട്ടെണ്ണൽ രാത്രി പത്ത് മണിവരെ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമാക്കി.

അന്തിമഫലം ഇനിയും പുറത്തുവന്നില്ല. നിലവിൽ കോൺഗ്രസാണ് മുന്നിൽ. പതിനാലിടത്തെ ലീഡ് ആയിരം വോട്ടിനുതാഴെയാണ്. ബിഎസ്പി രണ്ടിടത്തും എസ്.പി ഒരിടത്തും മുന്നില്‍ നിൽക്കുന്നു. ഇരുപാര്‍ട്ടികളും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. 

എഴുപത് ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോഴും മിനിറ്റുകള്‍ വച്ച് ഭൂരിപക്ഷം മാറിമറിയുന്ന സ്ഥിതിയാണ് ഈ ഹിന്ദി ഹൃദയഭൂമിയില്‍. രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനത്ത് ബിജെപിയുടെ 15 വര്‍ഷത്തെ തേരോട്ടം അവസാനിക്കുമോ എന്നാണ് അറിയേണ്ടത്.

അത്യന്തം നാടകീയവും ഉത്കണ്ഠയും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് വോട്ടെണ്ണലിന്റെ ഒരോ മണിക്കൂറും കടന്നുപോവുന്നത്. വൈകീട്ട് മൂന്നുമണി പിന്നിടുമ്പോഴും മുന്നിലും പിന്നിലുമായി കോൺഗ്രസും ബിജെപിയും തുടർന്നു. ഒടുവിൽ ബിജെപിയെ കടത്തിവെട്ടി കേവല ഭൂരിപക്ഷത്തിലേക്ക് മൂന്നരമണിയോടെ കോൺഗ്രസ് മുന്നേറിയതോടെ ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനം ഇളകിമറിഞ്ഞു. എന്നാല്‍ വീണ്ടും ലീഡ് നില മാറി മറയുകയാണ്. 

നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ബിജെപി കോട്ടകളായിരുന്ന ചമ്പൽ, ബുന്ദേൽകണ്ഡ്, മാൾവ മേഖലകളിലെല്ലാം കോൺഗ്രസ് ബിജെപിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ആദിവാസി ദളിത് വിഭാഗങ്ങൾക്കൊപ്പം കർഷകരുടെ വലിയ പിന്തുണയും ഇത്തവണ കോൺഗ്രസിന് കിട്ടിയെന്നാണ് വിലയിരുത്തുന്നത്. കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന രാഹുൽഗാന്ധിയുടെ വാഗ്ദാനം കർഷകരെ കോൺഗ്രസിലേക്ക് അടുപ്പിച്ചുവെന്നാണ് സൂചന. കാർഷിക മേഖലയായ മാൾവ ബെൽറ്റിലെ 66 സീറ്റിൽ ബിജെപി സീറ്റുകളിൽ ഭൂരിഭാഗവും കോൺഗ്രസ് പിടിച്ചിട്ടുണ്ട്.

എല്ലാകാലത്തും ബിജെപിക്കൊപ്പം നിന്ന മുന്നോക്ക സമുദായ വോട്ടുകളും ഇത്തവണ പിളർന്നുവെന്നാണ് കണക്കുകൂട്ടല്‍. 35 ശതമാനത്തോളം വരുന്ന പട്ടികജാതി-പട്ടികവർഗ വോട്ടുകൾ ലക്ഷ്യം വെച്ച് ഇറക്കിയ പ്രത്യേക സംവരണ ഉത്തരവുകളൊന്നും ശിവരാജ് സിംഗിനെ തുണച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ഭോപ്പാലിലും വിന്ധ്യാചലിലും ബിജെപി നേട്ടമുണ്ടാക്കിയപ്പോള്‍ ചമ്പലില്‍ ബിജെപിക്ക് അടിപതറി. മഹാഘോഷലില്‍ കോണ്‍ഗ്രസ് മുന്നേറി. ബിജെപിയുടെ 16 ഉം കോണ്‍ഗ്രസിന്‍റെ 13 ഉം വിമതസ്ഥാനാര്‍ഥികള്‍ ഇരുപാര്‍ട്ടികളുടെയും വോട്ടുബാങ്കില്‍ നാശമുണ്ടാക്കി. ആറിടത്ത് മുന്നില്‍ നില്‍ക്കുന്ന ബിഎസ്പി നിര്‍ണായകമാകും. ജയിക്കുന്നവരോട് ഡല്‍ഹിയിലെത്താന്‍ മായാവതി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.