മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; ഓരോ നിമിഷവും ലീഡ് മാറിമറിയുന്നു

single-img
11 December 2018

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം അതിനാടകീയതയിലേക്ക്. ഓരോ നിമിഷവും കോണ്‍ഗ്രസ്, ബി.ജെ.പി ലീഡുകള്‍ മാറിമറിയുകയാണ്. നിലവില്‍ ബി.ജെ.പി 112, കോണ്‍ഗ്രസ് 108 എന്ന നിലയിലാണ് ലീഡ് നില. എന്നാല്‍ ഈ സ്ഥിതിയും ഏത് സമയത്തും മാറിമറിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തില്‍ രാജ്യത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം മുന്നേറുന്നത്.

ഇരു പാര്‍ട്ടികളും പല സമയത്തും വിജയിച്ചു എന്ന് തോന്നിപ്പിച്ച ശേഷമാണ് ഫലം മാറിമറിഞ്ഞത്. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു എന്നത് കൊണ്ടുതന്നെ നിലവിലെ ഫലത്തെ ആശങ്കയോടുകൂടിയാണ് ഇരു ക്യാമ്പുകളും നോക്കിക്കാണുന്നത്. ബി.എസ്.പി ആറ് സീറ്റിലും മറ്റുള്ളവര്‍ 8 സീറ്റിലും ഇപ്പോഴും ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം ഛത്തീസ്ഗഢില്‍ ഏകപക്ഷീയവിജയം കുറിച്ച കോണ്‍ഗ്രസ് രാജസ്ഥാനില്‍ ലീഡ് നിലയില്‍ ഭൂരിപക്ഷത്തിനരികിലാണ്. തെലങ്കാനയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിയാണ് ടിആര്‍എസ് കോണ്‍ഗ്രസും ടിഡിപിയും ഉള്‍പ്പെട്ട മഹാകൂട്ടമിയെ തറപറ്റിച്ചത്.

മിസോറമില്‍ തുടര്‍ച്ചയായി മൂന്നാംവട്ടം അധികാരം ലക്ഷ്യമിട്ട കോണ്‍ഗ്രസ് മിസോ നാഷണല്‍ ഫ്രണ്ടിന്റെ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ അധികാരനഷ്ടം പൂര്‍ണമായി. മിസോറം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടുമണ്ഡലങ്ങളിലും തോറ്റു.