മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്കെന്ന് സൂചനകള്‍; ബിജെപിയുടെ ലീഡ് കുറഞ്ഞു

single-img
11 December 2018

മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കടുത്ത മത്സരം. ബിഎസ്പിക്ക് 4 സീറ്റിലും എസ്പിക്ക് ഒരിടത്തും ലീഡ്. ഇവിടെ മായാവതിയുടെ ബിഎസ്പിയും അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലീഡു ചെയ്യുന്ന എല്ലാ സ്ഥാനാര്‍ഥികളോടും ഡല്‍ഹിയിലെത്താന്‍ മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്. 116 സീറ്റാണ് കേവല ഭൂരിപക്ഷം. കോണ്‍ഗ്രസിനിപ്പോള്‍ 115 സീറ്റില്‍ ലീഡുണ്ട്.

അതിനിടെ നിര്‍ണായക യോഗം വിളിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി ഭരണം നിലനിര്‍ത്താനുള്ള അവസാന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്ധ്യപ്രദേശില്‍ ബി.ജെ.പി ബി.എസ്.പിയുടെ പിന്തുണ തേടിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അതേസമയം, രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. മൂന്നു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വ്യക്തമായ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്.

അതേസമയം, തെലങ്കാനയില്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തി. മഹാ കൂടമി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. മിസോറമില്‍ കോണ്‍ഗ്രസിന്റെ പത്തു വര്‍ഷത്തെ ഭരണത്തിനാണ് മിസോ നാഷനല്‍ ഫ്രണ്ട് അന്ത്യം കുറിച്ചത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടു സീറ്റിലും പരാജയപ്പെടുകയും ചെയ്തു.

ഒരു സീറ്റുപോലുമില്ലാതിരുന്ന രാജസ്ഥാനില്‍ സിപിഎമ്മിനു രണ്ടിടത്ത് വന്‍ വിജയം

ബിജെപി തൂത്തുവാരിയ 2013ലെ രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലുമില്ലായിരുന്ന സിപിഎം നില മെച്ചപ്പെടുത്തിയിരിക്കുന്നു. രാജസ്ഥാനില്‍ സിപിഎമ്മിനു രണ്ട് സീറ്റുകളില്‍ മിന്നും ജയം. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാനും ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാലുമാണ് വിജയിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ 2008ലാണ് സിപിഎം കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്‌നഗര്‍ എന്നിവിടങ്ങളിലായിരുന്നു അന്ന് സിപിഎം വിജയം നേടിയത്.

മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്നും ഏഴ് സീറ്റുകളില്‍ 10,000ത്തോളം വോട്ടു നേടുമെന്നുമായിരുന്നു സിപിഎമ്മിന്റെ അവകാശ വാദം. കര്‍ഷക പിന്തുണയോടെയാണ് സിപിഎമ്മിന്റെ രാജസ്ഥാനിലെ ചെറുതെങ്കിലും വിലപ്പെട്ടതായ ഈ മുന്നേറ്റം. കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ക്ക് രാജസ്ഥാനില്‍ സിപിഎം നേതൃത്വം നല്‍കിയിരുന്നു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. കര്‍ഷകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന ചില ആവശ്യങ്ങളെങ്കിലും വസുന്ധര രാജെയ്ക്ക നടപ്പിലാക്കേണ്ടി വന്നു.

അതില്‍ പ്രധാനം 50000 രൂപയുടെ കടമെഴുതിത്തള്ളലായിരുന്നു. ഇത് സിപിഎം വലിയ വിജയമായാണ് ആഘോഷിച്ചത്. ഇത്തരത്തില്‍ കര്‍ഷക മുന്നേറ്റത്തിലൂടെ സിപിഎം 2008ലെ തങ്ങളുടെ സീറ്റ് നിലകളിലേക്ക് ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചെത്തിയിരിക്കുന്നു. 2013ല്‍ സിപിഎമ്മിന്റെ ഒരു പ്രതിനിധി പോലും നിയമസഭയിലുണ്ടായിരുന്നില്ല.