മധ്യപ്രദേശില്‍ തിരിച്ചടിച്ച് ബിജെപി; കോണ്‍ഗ്രസിന്റെ ലീഡ് കുറഞ്ഞു

single-img
11 December 2018

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുംതോറും ലീഡ് നില മാറിമറിയുന്നു. 230 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 116 സീറ്റുകളില്‍ കോണ്‍ഗ്രസ് നേരത്തെ ലീഡ് ചെയ്തു വന്നെങ്കിലും അതില്‍ നിന്നും പൊടുന്നനെ ഫലം മാറി മറിഞ്ഞിരിക്കുകയാണ്.

വോട്ടിങ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക് എത്തുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി വ്യക്തമാക്കി. 11.36ന് ബിജെപി -– 111, കോണ്‍ഗ്രസ് –- 109, ബിഎസ്പി -– 8, മറ്റുള്ളവര്‍ -– 2 എന്നിങ്ങനെയാണു ലീഡ് നില.

സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ക്യാംപില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ഗോവയിലും മണിപ്പൂരിലും ഉണ്ടായ വീഴ്ച്ച ഇക്കുറി ഉണ്ടാവാതിരിക്കാന്‍ തികഞ്ഞ ജാഗ്രതയാണ് പാര്‍ട്ടി പുലര്‍ത്തുന്നത്. രാജസ്ഥാനില്‍ ഫലം ആദ്യഫലങ്ങള്‍ വന്നതിന് പിന്നാലെ തന്നെ എഐസിസി ജനറല്‍ സെക്രട്ടരി കെസി വേണുഗോപാലിനെ അവിടേക്ക് അയച്ചു കൊണ്ട് രാഹുല്‍ അണിയറ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അല്‍പസമയം മുന്‍പ് മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാജസ്ഥാനില്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടുമെന്ന് തികഞ്ഞ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.