രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നല്ലോ ശ്രദ്ധ; ‘തോറ്റതിന്’ മോദിയെ വിമര്‍ശിച്ച് ബിജെപി എംപി

single-img
11 December 2018

കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവ് അല്ലാതെ മറ്റൊന്നുമല്ല അഞ്ച് സംസ്ഥാനങ്ങളിലും നടന്ന നിയമസഭാതിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നത്. ഒന്നരപ്പതിറ്റാണ്ട് കൈവശമിരുന്ന ഛത്തീസ്ഗഡും രാജസ്ഥാനും ബിജെപിക്ക് കൈവിട്ടുപോയിരിക്കുന്നു. മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയും കൈവിട്ടുപോയി.

കോണ്‍ഗ്രസ്സാവട്ടെ ഇവിടങ്ങളിലെല്ലാം അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതോട ബിജെപിക്കുള്ളില്‍ നിന്നുതന്നെ എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി. മോദിയെ വിമര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കക്കഡെ രംഗത്ത് എത്തി. വികസനത്തിന് പകരം ക്ഷേത്രങ്ങളില്‍ ബിജെപി ശ്രദ്ധപതിപ്പിച്ചതാണ് പരാജയകാരണമെന്നാണ് കക്കഡെ അഭിപ്രായപ്പെട്ടത്.

‘രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഞങ്ങള്‍ (ബിജെപി) തോല്‍ക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, മധ്യപ്രദേശിലേത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്. എനിക്ക് തോന്നുന്നത് 2014ലേത് പോലെ വികസനത്തില്‍ ശ്രദ്ധ പതിപ്പിക്കാഞ്ഞതാണ് പരാജയകാരണമെന്നാണ്. ഇക്കുറി രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നല്ലോ ശ്രദ്ധ.’ കക്കഡെ അഭിപ്രായപ്പെട്ടു. ബിജെപിയുടെ രാജ്യസഭാ എംപിയാണ് സഞ്ജയ് കക്കഡെ.