മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായി; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാതെയായി

single-img
11 December 2018

മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി. എംഎന്‍എഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ഉറപ്പിച്ചു. നാല്‍പത് സീറ്റുകളില്‍ 23 സീറ്റുകളില്‍ എംഎന്‍എഫ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് 10 സീറ്റ് മാത്രം. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റ്.

അധികാരം നഷ്ടമായാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാതെയാകും. ഇതോടെ, ബിജെപി അവകാശപ്പെടുന്ന കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന സങ്കല്‍പ്പം വടക്കു കിഴക്കന്‍ മേഖലയില്‍ യാഥാര്‍ഥ്യമാവുകയും ചെയ്യും.

മൂന്നാം തവണയും തുടര്‍ ഭരണം സ്വപ്നം കണ്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാല്‍, സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം മിസോ നാഷനല്‍ ഫ്രണ്ടിന്റെ മികച്ച പ്രകടനമാണ് ആദ്യ ഫലസുചനകളില്‍ പുറത്തുവരുന്നത്. ആകെയുള്ള 40 സീറ്റുകളില്‍ 34 എണ്ണത്തിലും വിജയിച്ചാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി ലാല്‍ തന്‍ഹവ്‌ലയാണ് സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുഖം.

1998 ഡിസംബര്‍ മുതല്‍ 2008 ഡിസംബര്‍ വരെ മിസോറം ഭരിച്ച മിസോ നാഷനല്‍ ഫ്രണ്ടാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷവും പ്രബലമായ പ്രാദേശിക കക്ഷിയും. വികസനമില്ലായ്മ മുതലുള്ള പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ചാണ് പാര്‍ട്ടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കാന്‍ ബിജെപി രൂപം നല്‍കിയ നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമായ മിസോ നാഷനല്‍ ഫ്രണ്ടിന് സംസ്ഥാനത്ത് നല്ല വേരുകളുണ്ടെങ്കിലും ഒരു സഖ്യം വേണ്ടെന്ന നിലപാടാണ് ബിജെപി നേതൃത്വത്തിനുള്ളത്. മിസോ നാഷനല്‍ ഫ്രണ്ടിനും സമാന കാഴ്ചപ്പാടു തന്നെയാണുള്ളത്. ഒരു സീറ്റെങ്കിലും ബിജെപി നേടിയാല്‍ അത് അത്ഭുതമായിരിക്കുമെന്നാണ് എംഎന്‍എഫിന്റെ വിലയിരുത്തല്‍.