കിംഗ് മേക്കറാവാന്‍ എത്തിയ അജിത് ജോഗി ഒടുവില്‍ ബിഗ് സീറോയായി; ഛത്തീസ്ഗഡിലെ രാഷ്ട്രീയ ചാണക്യന്റെ ഭാവി തുലാസില്‍?

single-img
11 December 2018

ഛത്തീസ്ഗഡ് രാഷ്ട്രീയത്തിലെ അതികായനാകുമെന്നു വിലയിരുത്തപ്പെട്ടയാളാണ് അജിത് ജോഗി. എന്നാല്‍ ഛത്തീസ്ഗഡില്‍ അജിത് ജോഗി മായാവതി സഖ്യത്തിന് കാലിടറി. പരമ്പരാഗത ദളിത് വോട്ടുകളെ കീശയിലാക്കാന്‍ ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ് (ജെ.സി.സി) രൂപീകരിച്ച് ബി.എസ്.പിക്കും സി.പി.ഐക്കും ഒപ്പം ചേര്‍ന്ന് സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും ഇത് ഏറ്റില്ല എന്ന് തന്നെയാണ് ഫലപ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ വിലയിരുത്തപ്പെടുന്നത്.

ഇത്തവണ മല്‍സരിച്ച, മകന്റെ മണ്ഡലമായ മര്‍വാഹിയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ജോഗിയുടെ നില. മാത്രമല്ല, നിര്‍ണായക ശക്തിയാകുമെന്നു വിലയിരുത്തപ്പെട്ട മായാവതിയുമായുള്ള സഖ്യത്തിന് ഒരു സീറ്റില്‍ പോലും ലീഡ് നേടാനാകാത്ത സ്ഥിതിയാണ്.

ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 20 സീറ്റെങ്കിലും തങ്ങള്‍ക്ക് നേടാന്‍ കഴിയുമെന്നായിരുന്നു അജിത് ജോഗി തിരഞ്ഞെടുപ്പ് വേളകളിലെല്ലാം മാധ്യമങ്ങളിലടക്കം പ്രതികരിച്ചത്. ഇതോടെ ഛത്തീസ്ഗഢില്‍ അജിത് ജോഗിയെന്ന രാഷ്ട്രീയ ചാണക്യനും ജെ.സി.സിക്കും ഇനി എന്ത് ഭാവി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം ചോദിക്കുന്നത്.

സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രി, അഴിമതി ആരോപണം കൊണ്ടും കൊലപാതക കേസിലും പെട്ട് കോണ്‍ഗ്രസില്‍ നിന്നും പുറത്തായി പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ അത് മറ്റൊരു ചരിത്രമാകുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്.

എന്ത് വന്നാലും കോണ്‍ഗ്രസിനൊപ്പം ഇനി ഒരു ബന്ധവുമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു അവസാന നിമിഷത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി അജിത് ജോഗി മത്സരിച്ചത്. തങ്ങള്‍ക്ക് നിര്‍ണായകമാകുമെന്ന് ജോഗി കരുതിയ ദളിത് വിഭാഗമായ സത്‌നാമികള്‍ക്കിടയില്‍ പോലും കാര്യമായി ഒന്നും ചെയ്യാനായില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗി കലക്ടറായിരുന്ന കാലയളവില്‍ തന്റെ അധികാരപരിധിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പ്രതിച്ഛായയാണ് പിന്നീട് മുഖ്യമന്ത്രിയായപ്പോഴും നിലനിര്‍ത്താന്‍ ശ്രമിച്ചത്.

കോടതിയില്‍പ്പോയാണെങ്കിലും ഗോത്രവര്‍ഗക്കാരനാണെന്ന വാദം അദ്ദേഹം ഉറപ്പിച്ചു. ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ഛത്തീസ്ഗഡില്‍ സ്വാധീനം ഉറപ്പിക്കാന്‍ തന്റെ ഗോത്ര ബന്ധം അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചിരുന്നു. അപകടങ്ങളെ തുടര്‍ന്ന് ശരീരം തളര്‍ന്നെങ്കിലും മനസ്സു തളരാന്‍ ജോഗി അനുവദിച്ചില്ല. ഓരോ തവണയും ചികിത്സ കഴിഞ്ഞ് സംസ്ഥാനത്ത് ഓടിയെത്തി തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിരുന്നു.

നിലവിലെ ഫലസുചനകള്‍ വിലയിരുത്തുമ്പോള്‍ 15 വര്‍ഷമായുള്ള കോണ്‍ഗ്രസിന്റെ കാത്തിരിപ്പിന് കാര്യമായ നേതാക്കള്‍ ഇല്ലാഞ്ഞിട്ട് പോലും ഫലമുണ്ടായിരിക്കുന്നു എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. 2003 മുതലുണ്ടായിരുന്ന ബി.ജെ.പിയുടെ വോട്ട് വിഹിതത്തിന്റെ കുറവ് ഇത്തവണ വലിയതോതില്‍ കുറഞ്ഞുവെന്ന് തന്നെയാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

ഭരണവിരുദ്ധ വികാരം തന്നെയായിരുന്നു ഇവിടെ കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം. അഴിമതി, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയവ അണിനിരത്തി കോണ്‍ഗ്രസ് പ്രചാരണം നയിച്ചപ്പോള്‍ അത് വലിയ തോതില്‍ കോണ്‍ഗ്രസിന് ഗുണമുണ്ടാക്കുകയും ചെയ്തു എന്ന് പറയേണ്ടിയിരിക്കുന്നു. ആകെയുള്ള 96 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവില്‍ 57 ഇടങ്ങളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 25 ഇടങ്ങളില്‍ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്.