ഒരു സീറ്റുപോലുമില്ലാതിരുന്ന രാജസ്ഥാനില്‍ സിപിഎമ്മിനു രണ്ടിടത്ത് വന്‍ വിജയം

single-img
11 December 2018

ബിജെപി തൂത്തുവാരിയ 2013ലെ രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലുമില്ലായിരുന്ന സിപിഎം നില മെച്ചപ്പെടുത്തിയിരിക്കുന്നു. രാജസ്ഥാനില്‍ സിപിഎമ്മിനു രണ്ട് സീറ്റുകളില്‍ മിന്നും ജയം. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാനും ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാലുമാണ് വിജയിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ 2008ലാണ് സിപിഎം കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്‌നഗര്‍ എന്നിവിടങ്ങളിലായിരുന്നു അന്ന് സിപിഎം വിജയം നേടിയത്.

മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്നും ഏഴ് സീറ്റുകളില്‍ 10,000ത്തോളം വോട്ടു നേടുമെന്നുമായിരുന്നു സിപിഎമ്മിന്റെ അവകാശ വാദം. കര്‍ഷക പിന്തുണയോടെയാണ് സിപിഎമ്മിന്റെ രാജസ്ഥാനിലെ ചെറുതെങ്കിലും വിലപ്പെട്ടതായ ഈ മുന്നേറ്റം. കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ക്ക് രാജസ്ഥാനില്‍ സിപിഎം നേതൃത്വം നല്‍കിയിരുന്നു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. കര്‍ഷകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന ചില ആവശ്യങ്ങളെങ്കിലും വസുന്ധര രാജെയ്ക്ക നടപ്പിലാക്കേണ്ടി വന്നു.

അതില്‍ പ്രധാനം 50000 രൂപയുടെ കടമെഴുതിത്തള്ളലായിരുന്നു. ഇത് സിപിഎം വലിയ വിജയമായാണ് ആഘോഷിച്ചത്. ഇത്തരത്തില്‍ കര്‍ഷക മുന്നേറ്റത്തിലൂടെ സിപിഎം 2008ലെ തങ്ങളുടെ സീറ്റ് നിലകളിലേക്ക് ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചെത്തിയിരിക്കുന്നു. 2013ല്‍ സിപിഎമ്മിന്റെ ഒരു പ്രതിനിധി പോലും നിയമസഭയിലുണ്ടായിരുന്നില്ല.