എണ്ണിക്കഴിഞ്ഞത് മുക്കാല്‍ഭാഗത്തോളം വോട്ടുകള്‍ മാത്രം; മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിജയം തട്ടിത്തെറിപ്പിച്ച് ബിജെപി

single-img
11 December 2018

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേട്ടം. ഛത്തീസ്ഗഢില്‍ ഏകപക്ഷീയ വിജയം കുറിച്ച കോണ്‍ഗ്രസ് രാജസ്ഥാനില്‍ ലീഡ് നിലയില്‍ ഭൂരിപക്ഷത്തിനരികിലാണ്. 198 സീറ്റുകളിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസാണു ലീഡു ചെയ്യുന്നത്. ബിജെപി രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ സീറ്റുനിലയിലും വ്യത്യാസം ഉണ്ടാകുന്നുണ്ട്. ഇവിടെ ബിജെപിയുടെ ഒരു സ്ഥാനാര്‍ഥി വിജയിച്ചിട്ടുണ്ട്.

ഓരോനിമിഷവും ലീഡ് നില മാറിമറിയുന്ന മധ്യപ്രദേശില്‍ ആശങ്കയുടെ മുള്‍മുനയിലാണ് ഇരുപാര്‍ട്ടികളും. ബിഎസ്പിയും വിമതരുമാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും കേവലഭൂരിപക്ഷ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ആരെ പിന്തുണയ്ക്കുമെന്ന് മായാവതി തീരുമാനിക്കുമെന്ന് ബിഎസ്പി സെക്രട്ടറി പറഞ്ഞു. ലീഡ് ചെയ്യുന്ന ബിഎസ്പി സ്ഥാനാര്‍ഥികള്‍ ഡല്‍ഹിയിലെത്താന്‍ മായാവതി നിര്‍ദേശം നല്‍കി.

മധ്യപ്രദേശില്‍ ഫോട്ടോഫിനിഷ് സാഹചര്യം തുടരുകയാണ്. 92 സീറ്റുകളില്‍ ലീഡുനില രണ്ടായിരത്തില്‍ താഴെയാണ്. ഇത് രണ്ടുകൂട്ടരെയും ആശങ്കയിലാക്കുന്നു. ബി.എസ്.പി ആറ് സീറ്റുകളില്‍ ലീഡുചെയ്യുന്നുണ്ട്. ഇതുവരെ പൂര്‍ത്തിയായത് 10 റൗണ്ട് വോട്ടെണ്ണല്‍ മാത്രമാണ്. ഇനി 12 റൗണ്ട് ബാക്കി.

എക്‌സിറ്റ് പോളുകള്‍ മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. അതേസമയം, ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വ്യക്തമായ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. അതേസമയം, തെലങ്കാനയില്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തി.

മഹാ കൂടമി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. മിസോറമില്‍ കോണ്‍ഗ്രസിന്റെ പത്തു വര്‍ഷത്തെ ഭരണത്തിനാണ് മിസോ നാഷനല്‍ ഫ്രണ്ട് അന്ത്യം കുറിച്ചത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടു സീറ്റിലും പരാജയപ്പെടുകയും ചെയ്തു.