ബിജെപിക്കും ആശ്വസിക്കാം…; കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന സങ്കല്‍പ്പം വടക്കു കിഴക്കന്‍ മേഖലയില്‍ യാഥാര്‍ഥ്യമായി

single-img
11 December 2018

മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ അടിതെറ്റിച്ച് മുന്നോട്ടുകുതിക്കുമ്പോഴും ഭരണത്തിലിരുന്ന മിസോറാം, കോണ്‍ഗ്രസിനെ കൈവിട്ടു. പത്ത് വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിക്കുന്നു എന്ന സൂചനയാണ് മിസോറാം നല്‍കുന്നത്. വോട്ടെണ്ണി തുടങ്ങിയത് മുതല്‍ ഒറ്റത്തവണപോലും കോണ്‍ഗ്രസിന് മുന്നേറാന്‍ ഒരു അവസരം പോലും നല്‍കാതെയാണ് എംഎന്‍എഫ് എന്ന മിസോനാഷ്ണല്‍ ഫ്രണ്ടിന്റെ മുന്നേറ്റം.

വിജയിച്ചത് എംഎന്‍എഫ് ആണെങ്കിലും ആ വിജയം ബിജെപിയ്ക്ക് കൂടി ആശ്വാസം പകരുന്നതാണ്. കാരണം കോണ്‍ഗ്രസ് രഹിത വടക്കുകിഴക്കന്‍ ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപി മിസോറാമില്‍ ജനവിധി തേടിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍, ഇടത് കോട്ടയായ ത്രിപുര വരെ ബിജെപി പിടിച്ചടക്കി. മണിപ്പൂരും അരുണാചലിലും താമര വിരിഞ്ഞു. മേഘാലയയിലും നാഗാലാന്റിലും കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കി പക്ഷേ മിസോറാം മാത്രം വഴങ്ങാതെ നിന്നു.

പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ഭരണവിരുദ്ധവികാരവും ഇത്തവണ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തമ്മിലടി ലാല്‍സിര്‍ലിയാന, ലാല്‍റിന്‍ലിയാന സെയ്‌ലോ എന്നീ നേതാക്കന്‍മാരെ എംഎന്‍എഫ് നേതാക്കന്‍മാരെ എംഎന്‍എഫ് പാളയത്തിലേക്ക് എത്തിച്ചു.

എംഎന്‍എഫും കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ വെറും അഞ്ച് സീറ്റിലൊതുങ്ങിയ എംഎന്‍എഫ് ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

ക്രിസ്ത്യന്‍ സമുദായത്തിനും ഗോത്രവിഭാഗങ്ങള്‍ വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മിസോറാം. 40 സീറ്റുകളിലേക്കാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കോണ്‍ഗ്രസും, എംഎന്‍എഫും 40 സീറ്റുകളിലും, ബിജെപി 39 സീറ്റിലും ജനവിധി തേടുന്നുണ്ട്.