ഇന്നു ടെൻഷൻ മുഴുവൻ രാഹുൽഗാന്ധിക്ക് ; മോദിക്ക് അല്ല

single-img
11 December 2018

രാജ്യമെമ്പാടും ഉറ്റുനോക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വിധി ഇന്ന്‌ അറിയാം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. 

മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്സിറ്റ്പോളുടെ പ്രവചനം. ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ലോക്സഭയിലെ അംഗബലം 67 ആണ്. അതിനാല്‍, മോദിക്കും രാഹുലിനും ഇത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണ്.

മോദിയേക്കാള്‍ ഈ ജനവിധി രാഹുലിനാണ് നിര്‍ണായകമെന്ന് രാഷ്ട്രീയ നിരീക്ഷകരെ പോലെ കോണ്‍ഗ്രസ് നേതൃത്വത്തിനും നല്ല ബോധ്യമുണ്ട്. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിത്, ജയം ഒപ്പം നിന്നാല്‍ മാത്രം. അതല്ല, തോല്‍വിയാണ് കോണ്‍ഗ്രസിനെ കാത്തുനില്‍ക്കുന്നതെങ്കില്‍ പ്രതിപക്ഷ നിരയില്‍ ശക്തി ചോര്‍ന്ന കോണ്‍ഗ്രസിനെയാകും കാണാനാകുക. 

പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ നേതൃസ്ഥാനം പോലും കോണ്‍ഗ്രസിന് അന്യമാകും. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ക്യാംപ് വിയര്‍ക്കും. വെട്ടാന്‍ തരംകാത്തുനില്‍ക്കുന്ന ‘ശത്രുക്കളായ’ മിത്രങ്ങള്‍ രംഗത്തുവരും. ഇതോര്‍ത്താണ് കോണ്‍ഗ്രസിന് നെഞ്ചിടിപ്പേറുന്നത്.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് ഭരണം ലഭിക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്.  മറിച്ച് ഫലങ്ങള്‍ തെറ്റി കാവിക്കൊടി പാറിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ തുടര്‍ഭരണസ്വപ്നങ്ങള്‍ക്കത് ഊര്‍ജമേകും. 

എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളിക്കളയുന്ന ബിജെപി, മോദി ദിവസങ്ങള്‍ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയ ഇരുസംസ്ഥാനങ്ങളിലും ഭരണം തുടരാനാകുമെന്നുതന്നെയാണ് കണക്കുകൂട്ടുന്നത്. തെലങ്കാനയിലും, മിസോറാമിലും കോണ്‍ഗ്രസിന് അധികാരം ലഭിക്കില്ലെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. 

പക്ഷെ തെലങ്കാനയില്‍ സംസ്ഥാനസര്‍ക്കാര്‍ പിരിച്ചുവിടാന്‍ ടി.ആര്‍.എസിന് നിര്‍ദേശം നല്‍കിയ സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സി വോട്ടെടുപ്പിനുശേഷം നടത്തിയ പഠനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടമി കൂടുതല്‍ സീറ്റുകള്‍ പിടിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇത് പ്രതിപക്ഷഐക്യത്തിന് ആവേശം പകര്‍ന്നിട്ടുണ്ട്. 

ഒരു കാലത്ത് പാര്‍ട്ടിയുടെ കുത്തകയായിരുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ അവസാന പിടിവള്ളിയാണ് മിസോറം. മേഖലയില്‍ ബിജെപിയുടെ രഹസ്യപങ്കാളിയായ  മിസോ നാഷനല്‍ ഫ്രണ്ടിന്റെ സഹായത്തോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് അപ്രമാദിത്വം അവസാനിപ്പിക്കാനാകും എന്നാണ് മോദി ക്യാംപിന്റെ പ്രതീക്ഷകള്‍.