കണ്ണൂരിൽ വിരിഞ്ഞത് പുതു ചരിത്രം; രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം
കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തപ്പോൾ പിറന്നത് പുതു ചരിത്രം. ഇന്ത്യയിൽ തന്നെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം ഇതോടെ മാറി.
ഇന്ത്യയിലെ തന്നെ നാല് മികച്ച വിമാനത്താവളങ്ങളാണ് കേരളത്തിലിപ്പോൾ ഉള്ളത്. തിരുവന്തപുരത്താണ് കേരളത്തിന്റെ ആദ്യ വിമാനത്താവളം തുറന്നത്. പിന്നീട് കൊച്ചിയിലും കോഴിക്കോടും വിമാനത്താവളങ്ങൾ വന്നു.
2035 കോടി രൂപ ചിലവിൽ 2,000 ഏക്കർ വിസ്തൃതിയിലാണ് കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണം നടന്നത്. ഒരേ സമയം 2,000 യാത്രക്കാരെ വിമാനത്താവളത്തിൽ ഉൾക്കൊള്ളാനാകും. ഒരു വർഷം 15 ലക്ഷത്തോളം യാത്രക്കാർ കണ്ണൂരിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതിനിടെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനസര്‍ക്കാരിന് വിട്ടുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അഹമ്മദാബാദ്, ജയ്പുര്‍, ലഖ്നൗ, ഗുവാഹട്ടി, മംഗളൂരു, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിന് വിടാമെന്ന് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്താവന.