കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി സ്റ്റാലിന്‍; ബിജെപിക്കെതിരായ പോരാട്ടങ്ങളില് കോണ്‍ഗ്രസുമായി അണിചേരണമെന്ന് സ്റ്റാലിന്

single-img
10 December 2018

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. സ്റ്റാലിനൊപ്പം കനിമൊഴി എംപിയും എ. രാജ, ടി.ആര്‍. ബാലു എന്നിവരും അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി.

ബിജെപിക്കെതിരായ പോരാട്ടങ്ങളില്‍ അണിചേരാന്‍ കോണ്‍ഗ്രസുമായുള്ള ശത്രുത ആം ആദ്മി പാര്‍ട്ടി ഉപേക്ഷിക്കണമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ കെജ്രിവാളിനെ ഉപദേശിച്ചു.’കോണ്‍ഗ്രസിനോട് പ്രതികൂല സമീപനം സ്വീകരിക്കരുത്. വിശാലപ്രതിപക്ഷ സഖ്യം രാജ്യത്തിനാവശ്യമാണ്. താങ്കള്‍ക്കതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കാനാവും.’ കെജ്രിവാളിനോട് സ്റ്റാലിന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയതായാണ് വിവരം.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുളളയും കോണ്‍ഗ്രസ്ആം ആദ്മി പാര്‍ട്ടി ബന്ധത്തെക്കുറിച്ച് സമാന അഭിപ്രായം മുമ്പ് രേഖപ്പെടുത്തിയിരുന്നു. ഈഗോയും സൂക്ഷിച്ചിരുന്നാല്‍ നഷ്ടങ്ങളേ ഉണ്ടാവൂ എന്നായിരുന്നു കോണ്‍ഗ്രസിനെ ഒമര്‍ അബ്ദുള്ള ഓര്‍മ്മിപ്പിച്ചത്. കോണ്‍ഗ്രസ് ഒരിക്കലും തങ്ങളോട് മൃദുസമീപനം സ്വീകരിച്ചിട്ടില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. രാഹുല്‍ ഗാന്ധി തങ്ങളെ നേരിട്ട് സമീപിക്കാത്തിടത്തോളം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.