ശബരിമല ശാന്തം, പ്രശ്നങ്ങളില്ല; ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താവുന്ന സാഹചര്യമെന്ന് ഹൈക്കോടതി
10 December 2018
കൊച്ചി: ശബരിമലയില്‍ സാഹചര്യങ്ങള്‍ മാറിയെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്നും ഹൈക്കോടതി. ശബരിമലയില്‍ ഇപ്പോള്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ദര്‍ശനത്തിന് പോവുന്നത് പൊലീസ് തടഞ്ഞെന്നു ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശികള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി നിരീക്ഷണം.
ബിപിന്‍, ദിപിന്, അഖില്‍ എന്നിവരാണ് ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. നവംബര്‍ 29ന് പമ്പയില്‍ വെച്ച് പൊലീസ് തടഞ്ഞെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. മൂന്നുപേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ശബരിമലയില്‍ പോകാം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.