ഓസ്‌ട്രേലിയൻ കൊയ്ത്ത് തുടങ്ങി കോലിപ്പട: ആദ്യ ടെസ്റ്റ് ജയം !

single-img
10 December 2018

അവസാന വിക്കറ്റിൽ വാലറ്റക്കാരായ ജോഷ് ഹേസൽവുഡ്‌ഡും നാഥൻ ലിയോണും പൊരുതി നോക്കിയെങ്കിലും കെ. എൽ. രാഹുലിൻറെ കൈകളിലൊതുങ്ങിയ നാഥൻറെ വിക്കറ്റ് പിഴുതെടുത്ത് സ്പിൻ ഇതിഹാസം അശ്വിൻ ഇന്ത്യയ്ക്ക് ആദ്യജയം സമ്മാനിച്ചു. ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ, കഴിഞ്ഞ ഓവറുകളിൽ ബൗണ്ടറി പായിച്ചുകൊണ്ട് അവർ വിജയത്തിലേയ്ക്ക് മുന്നേറുന്നതിനിടെയായിരുന്നു അശ്വിൻറെ അവസാനത്തെ അസ്ത്രം ഇന്ത്യയ്ക്ക് ചരിത്രജയം സമ്മാനിച്ചത്. ഉഗ്രമായ കൂട്ടുകെട്ടുകൾക്ക് ശ്രമിച്ച എതിർ ടീമിൻറെ എല്ലാ പാർട്ണർഷിപ്പുകളെയും തകർത്ത ഇന്ത്യൻ ബൗളിംഗ് നിരയാണ് വിജയം അർഹിക്കുന്നത്. നാലാം ദിനം 104/ 4 എന്ന സ്‌കോറിൽ പിരിഞ്ഞ ഓസ്‌ട്രേലിയ അഞ്ചാം ദിനം കളി തുടങ്ങിയത് 325 റൺസ് ചേസ് ചെയ്തുകൊണ്ടായിരുന്നു.

അതേസമയം പത്ത് വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ ഇന്ത്യയോട് തോൽവി സമ്മതിച്ചു കൊണ്ടാണ് അടുത്ത ടെസ്റ്റിലേയ്ക്ക് ക്രിക്കറ്റ് രാജാക്കളായ കങ്കാരുപ്പട ഇന്ത്യയെ എതിരേൽക്കുന്നത്. 2008-നു ശേഷം ഇന്ത്യയുടെ ആദ്യ ജയവും. എന്നാൽ ഓസ്‌ട്രേലിയയുടെ കുറഞ്ഞ സ്കോറിലെ തോൽവിയുടെ കാരണക്കാരൻ സ്റ്റാർ ഓപ്പണിങ് സ്‌ട്രൈക്കർ ആരോൺ ഫിഞ്ചിൻറെ വിക്കറ്റെടുത്ത ഇഷാന്ത് ശർമയാണ്. 31 റൺസിന്‌ ഇന്ത്യ ജയിച്ച കളിയുടെ മാൻ ഓഫ് ഡാ മാച്ച്, ഓസ്ട്രലിയൻ ബൗളർമാരുടെ മൂർച്ചയൊടിച്ച ചേതേശ്വർ പൂജാരയാണ്. നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ അടുത്ത മത്സരം 14-ന് പെർത് സ്റ്റേഡിയത്തിലാണ് ആരംഭിക്കുക.