National

2019-ൽ ഇന്ത്യയുടെ ഭരണം ? സെമിഫൈനൽ വോട്ടെണ്ണൽ നാളെ

അഞ്ചു സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ ഫലം നാളെ രാവിലെ എട്ട് മണി മുതൽ ഫലമറിയാമെന്നിരിക്കെ കടുത്ത ആശങ്കയിലാണ് ബിജെപി ക്യാമ്പ്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഭരണത്തിലിരിക്കുന്ന ബിജെപിക്ക് മാത്രമല്ല കോൺഗ്രസ്സിനും നിർണ്ണായകമാണ്. രാജസ്ഥാനിൽ ബിജെപിയുടെ വസുന്ധര രാജയുടെ ഭരണം അട്ടിമറിച്ച് കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്നും മധ്യപ്രദേശിലും ചത്തീസ്ഗഢിലും ബിജെപിയുടെ കുത്തക പൊട്ടിച്ച് കോൺഗ്രസ്സ് ഒപ്പത്തിനൊപ്പം ചേരുമെന്നും മിസോറാം കോൺഗ്രസ്സിന് നഷ്ടപ്പെടുമെന്നും തെലുങ്കാനയിൽ ടി. ആർ. എസ്. തുടരുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.

2019 ലോക്സഭ തെരഞ്ഞെടുപ്പിന് നാല് മാസങ്ങൾ മാത്രം അവശേഷിക്കെ ഫലങ്ങൾ എന്തു തന്നെയായാലും അത് ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായകമായിരിക്കും. അതുകൊണ്ട് തന്നെ ഡിസംബർ 11 ഇന്ത്യയുടെ രാഷ്ട്രീയ ഭാവി പ്രവചിക്കുന്നു.

രാജസ്ഥാനിൽ കോൺഗ്രസ്സ് അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് ഫലങ്ങൾ. കടുത്ത കർഷകരോഷം പുകയുന്ന മധ്യപ്രദേശിൽ ബിജെപിക്ക് കാലിടറുമെന്ന് വളരെമുമ്പ് തന്നെ സൂചനയുണ്ടായിരുന്നു. 40 അംഗസഭയുമായി തെരഞ്ഞെടുപ്പിലേക്ക് നിൽക്കുന്ന മിസോറാം 16 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ചത്തീസ്ഗഢിലും കാര്യങ്ങൾ ഫലിക്കില്ലെന്ന് പോൾ പ്രവചനങ്ങൾ. ബിജെപിക്ക് 90 സീറ്റുകളിൽ 41 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂ എന്നും പ്രവചനങ്ങൾ.

നാളത്തെ ഫലങ്ങളിൽ ബിജെപിയ്ക്ക് തിരിച്ചടി നേരിട്ടാൽ മോദിക്കും അമിത് ഷായ്ക്കും എതിരെ ബിജെപിയിലെ വിമതശബ്ദങ്ങൾ ഒച്ചകൂട്ടും. എല്ലാ ദേശീയ പാർട്ടികളും അവസാനത്തെ അങ്കത്തിനുള്ള രാഷ്ട്രീയ കരുനീക്കങ്ങൾ എങ്ങനെ നീക്കണമെന്ന തീരുമാനങ്ങളാവും നാളെ തുടങ്ങുക.