കൊലക്കേസ് പ്രതിയെന്ന് വിളിച്ചു;കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ക്രിമിനല്‍ മാനനഷ്‌ടക്കേസുമായി ശശിതരൂര്‍

single-img
10 December 2018

ഡല്‍ഹി: കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപമാനിച്ചെന്നാരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ക്രിമിനല്‍ മാന നഷ്ടക്കേസ് നല്‍കി. സുനന്ദാ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെടുത്തിയാണ് രവി ശങ്കര്‍ പ്രസാദ് കൊലക്കേസ് പ്രതിയെന്ന് ശശി തരൂരിനെ വിളിച്ചത്. ട്വീറ്റ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളായതുകൊണ്ട് കൈകൊണ്ടെടുക്കാനും ചെരിപ്പ് കൊണ്ട് തല്ലിക്കൊല്ലാനും കഴിയില്ലെന്ന്‌ തരൂര്‍ മോദിക്കെതിരെ പരാമര്‍ശമുയര്‍ത്തി. ഇതിന് മറുപടിയായി കൊലക്കേസിലെ പ്രതി ഭഗവാന്‍ ശിവനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്‌തു. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

വക്കീല്‍ നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനകം മാപ്പ് പറയണമെന്ന തരൂരിന്റെ ആവശ്യം രവിശങ്കര്‍ പ്രസാദ് അംഗീകരിച്ചിരുന്നില്ല. മാപ്പ് പറയാനോ ട്വീറ്റ് ഡിലീറ്റ് ചെയ്യാനോ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ മറുപടി.