ഒവൈസിയെ ഒഴിവാക്കുകയാണെങ്കില്‍ ടി.ആര്‍.എസിനെ പിന്തുണയ്ക്കാം; തെലങ്കാനയില്‍ പുതിയ തന്ത്രവുമായി ബിജെപി

single-img
9 December 2018

ഹൈദരാബാദ്: അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ പിന്തുണ ഒഴിവാക്കുകയാണെങ്കില്‍ ടി.ആര്‍.എസിന് പിന്തുണ നല്‍കാമെന്ന് തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. ലക്ഷ്മണ്‍. കോണ്‍ഗ്രസല്ലാത്ത, മജ്‌ലിസ് അല്ലാത്ത കക്ഷികളുടെ ഒപ്പം ബിജെപി നില്‍ക്കും.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ്. തെലങ്കാനയില്‍ ഒരു പാര്‍ട്ടിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കാന്‍ പോകുന്നില്ല. ബിജെപിയുടെ പിന്തുണയില്ലാതെ തെലങ്കാനയില്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനാകില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.

തെലുങ്ക് രാഷ്ട്രസമിതി അവരുടെ നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തെലുങ്ക് രാഷ്ട്ര സമിതി ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ്, ടിഡിപി കക്ഷികളുടെ ‘മഹാകൂടമി’ സഖ്യവുമായി രഹസ്യധാരണയുണ്ടാക്കിയാണ് കെസിആര്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തേ ബിജെപിയും ആരോപിച്ചിട്ടുണ്ട്.

തെലങ്കാന തെരഞ്ഞെടുപ്പില്‍ എം.ഐ.എമ്മും ടി.ആര്‍.എസും ഔദ്യോഗികമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കിലും പരസ്പര ധാരണയോടെയാണ് പ്രചരണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. മുസ്‌ലിം ഭൂരിപക്ഷ പോക്കറ്റുകളില്‍ ടി,ആര്‍.എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അസദുദ്ദീന്‍ ഒവൈസി പ്രചരണത്തിനിറങ്ങിയിരുന്നു. ഡിസംബര്‍ 11 നാണ് തെലങ്കാനയില്‍ വോട്ടെണ്ണല്‍. ഇതുവരെ പുറത്തു വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ ടി.ആര്‍.എസിനാണ് മുന്‍തൂക്കം പ്രവചിക്കപ്പെട്ടിട്ടുള്ളത്.