ഇന്ത്യയ്ക്ക് ജയിക്കാന്‍ 6 വിക്കറ്റ് വീഴ്ത്തണം; ഓസീസിന് ജയിക്കാന്‍ 219 റണ്‍സ് നേടണം: ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

single-img
9 December 2018

അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 323 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റു വീശുന്ന ഓസ്‌ട്രേലിയയ്ക്കു ജയിക്കാന്‍ വേണ്ടത് 216 റണ്‍സ്, ഇന്ത്യക്കു ജയിക്കാന്‍ ആറും വിക്കറ്റും. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ 104/4 എന്ന നിലയിലാണ് ഓസീസ്.

ഷോണ്‍ മാര്‍ഷ് (31), ട്രാവിസ് ഹെഡ് (11) എന്നിവരാണു ക്രീസില്‍. ആരോണ്‍ ഫിഞ്ച് (35 പന്തില്‍ 11), മാര്‍ക്കസ് ഹാരിസ് (49 പന്തില്‍ 26), ഉസ്മാന്‍ ഖവാജ (42 പന്തില്‍ എട്ട്), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (14) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായത്. ഹാരിസിനെയും ഹാന്‍ഡ്‌സ്‌കോംബിനെയും ഷാമിയും മറ്റു രണ്ടുപേരെ അശ്വിനുമാണ് പുറത്താക്കിയത്.

സ്പിന്നിനെയും പേസിനെയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചില്‍ അവസാന ദിനം ഓസീസിന്റെ പ്രതിരോധം എത്രനേരം നീണ്ടുനില്‍ക്കും എന്നതാണ് ചോദ്യം. നങ്കൂരമിട്ടു കളിക്കുന്നതില്‍ മിടുക്കനായ ഖവാജ പുറത്തായത് അവര്‍ക്കു ക്ഷീണമാകും.

മൂന്നിന് 151 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയുടെ തുടക്കം തകര്‍പ്പനായിരുന്നു. നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ചേതേശ്വര്‍ പൂജാര–അജിങ്ക്യ രഹാനെ സഖ്യം ഇന്ത്യയെ അനായാസം 200 കടത്തി. എന്നാല്‍ സ്‌കോര്‍ 234ല്‍ നില്‍ക്കെ പൂജാരയെ നഥാന്‍ ലിയോണ്‍ മടക്കിയത് വഴിത്തിരിവായി.

പിന്നീട് മികച്ച കൂട്ടുകെട്ടുകള്‍ക്കു സാധിക്കാതെ ഇന്ത്യ തകര്‍ന്നു. നാലാം വിക്കറ്റില്‍ പൂജാര–രഹാനെ സഖ്യം കൂട്ടിച്ചേര്‍ത്തത് 87 റണ്‍സ്. രോഹിത് ശര്‍മ വെറും ഒരു റണ്ണുമായി തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും ലിയോണിനു വിക്കറ്റ് സമ്മാനിച്ചു. എന്നാല്‍, ആറാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്ത് രഹാനെ–പന്ത് സഖ്യം ഇന്ത്യന്‍ സ്‌കോര്‍ 280 കടത്തി.

ഏകദിന ശൈസിലിയല്‍ തകര്‍ത്തടിച്ച പന്തിനെയും വീഴ്ത്തിയത് ലിയോണ്‍. 16 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 28 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. 18 പന്തില്‍ അഞ്ചു റണ്‍സുമായി അശ്വിന്‍ പുറത്തായതിനു പിന്നാലെ രഹാനെയുടെ പ്രതിരോധവും തകര്‍ന്നു.

147 പന്തില്‍ ഏഴു ബൗണ്ടറികളോടെ 70 റണ്‍സെടുത്ത രഹാനെയെ ലിയോണ്‍ സ്റ്റാര്‍ക്കിന്റെ കൈകളിലെത്തിച്ചു. അശ്വിനെയും ഇഷാന്തിനെയും പുറത്താക്കി സ്റ്റാര്‍ക്ക് മൂന്നു വിക്കറ്റ് നേടിയപ്പോള്‍ ഷമിയെ പുറത്താക്കി ലിയോണ്‍ ആറു വിക്കറ്റ് തികച്ചു. മുരളി വിജയ് (18), കെ.എല്‍. രാഹുല്‍ (44), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (34) എന്നിവരുടെ വിക്കറ്റുകള്‍ മൂന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.