മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ നാട്ടുകാരുടെ മുന്നില്‍ വെച്ച് മുഖത്തടിച്ച് ഭാര്യ; വീഡിയോ

single-img
9 December 2018

മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പഞ്ചായത്തിന്റെ മുന്നില്‍ വെച്ച് ഭാര്യ കരണത്തടിച്ചു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ സരായിലാണ് സംഭവം. 2014ലായിരുന്നു മുഹമ്മദ് ദുലാറെയുടെയും സോണി ഖാട്ടൂണിന്റേയും വിവാഹം. എന്നാല്‍ പരസ്പരം ഒത്തു പോവാന്‍ കഴിയാതെ വന്നപ്പോള്‍ പ്രശ്‌നം പഞ്ചായത്ത് കോടതിക്ക് മുന്നിലെത്തുകയായിരുന്നു.

പഞ്ചായത്തില്‍ ഇരുവരുടേയും വാദം കേള്‍ക്കെ ദുലാരെ ഭാര്യയെ മൂന്നു തവണ തലാഖ് ചൊല്ലുകയായിരുന്നു. ഇതു കേട്ടയുടന്‍ സോണി ദുലാരയെ പഞ്ചായത്തിന് മുന്നില്‍ വെച്ച് മുഖത്തടിച്ചു. സോണിയെ തിരിച്ചടിക്കാന്‍ ശ്രമിക്കുന്ന ദുലാരെയും ഇരുവരെയും പിടിച്ച് മാറ്റുന്ന ആളുകളെയും വീഡിയോയില്‍ കാണാം.

സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദുലാരെയും സോണിയും തമ്മില്‍ വിവാഹം ചെയ്തത് 2014 ലാണെന്നും, സരൈയയില്‍ മൊബൈല്‍ ഷോപ് നടത്തുകയാണ് ദുലൈര എന്നും പഞ്ചായത്ത് അധികൃതര്‍ എ.എന്‍.ഐയോട് പറഞ്ഞു.

തമ്മില്‍ പ്രണയത്തിലായിരുന്ന ദുലാരയെയും സോണിയേയും ഇരുവരുടേയും കുടുംബങ്ങള്‍ ചേര്‍ന്ന് വിവാഹം ചെയ്തു കൊടുക്കയായിരുന്നു. വിവാഹ ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ ദുലാരെ, സോണിയെ ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സോണിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും വിഷയം പഞ്ചായത്ത് മുമ്പാകെ വരുകയുമായിരുന്നുവെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.