സഞ്ജു സാംസണിന്റെ പോരാട്ടം പാഴായി: രഞ്ജി ട്രോഫിയില്‍ കേരളത്തിന് രണ്ടാം തോല്‍വി

single-img
9 December 2018

രഞ്ജിയില്‍ കേരളത്തിന് വീണ്ടും തോല്‍വി. തമിഴ്‌നാടിനു മുന്നില്‍ 151 റണ്‍സിനായിരുന്നു കേരളത്തിന്റെ പരാജയം. കളി അവസാനിക്കാന്‍ എട്ട് ഓവര്‍ മാത്രമുള്ളപ്പോഴാണ് കേരളം തമിഴ്‌നാടിനു മുന്നില്‍ മത്സരം അടിയറവു പറഞ്ഞത്. സമനില ലക്ഷ്യമിട്ട് ഒന്‍പത് വിക്കറ്റുമായി നാലാം ദിനം ഇറങ്ങിയ കേരളത്തിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ടി. നടരാജനാണ് പരാജയത്തിലേക്ക് തള്ളിയിട്ടത്.

സായി കിഷോറും ബാബാ അപരാജിതും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി നടരാജന് ഉറച്ചപിന്തുണ നല്‍കി. സഞ്ജു സാംസണും സിജോമോന്‍ ജോസഫിനും മാത്രമേ കേരള നിരയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചുള്ളു. സഞ്ജു സാംസണ്‍ 91 റണ്‍സും സിജോമോന്‍ ജോസഫ് 55 റണ്‍സും നേടി. കേരള നിരയില്‍ അഞ്ച് പേര്‍ രണ്ടക്കം കടന്നപ്പോള്‍ അഞ്ച് പേര്‍ പൂജ്യത്തിനാണ് പുറത്തായത്.

വിജയത്തോടെ തമിഴ്‌നാടിന് ആറു പോയിന്റു ലഭിച്ചു. കേരളത്തിന് പോയിന്റില്ല. ഇനി 14 മുതല്‍ ഡല്‍ഹിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ക്കു ശേഷമാണ് കേരളം തുടര്‍ച്ചയായി രണ്ടു തോല്‍വി വഴങ്ങുന്നത്.

നേരത്തെ, തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഇന്ദ്രജിത്ത്, കൗശിക് ഗാന്ധി എന്നിവരുടെ മികവില്‍ തമിഴ്‌നാട് ഏഴു വിക്കറ്റിന് 252 റണ്‍സെടുത്ത ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ദ്രജിത്ത് 148 പന്തില്‍ ആറു ബൗണ്ടറികവോടെ 92 റണ്‍സെടുത്തുപുറത്തായി. കൗശിക് ഗാന്ധി 140 പന്തില്‍ നാലു ബൗണ്ടറികളുടെ അകമ്പടിയോടെ 59 റണ്‍സെടുത്തു. കേരളത്തിനായി സിജോമോന്‍ ജോസഫ് നാലു വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍: തമിഴ്‌നാട് 268/10, 252/7 കേരളം 152/10, 217/10