കണ്ണൂര്‍ വിമാനത്താവള പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നിശ്ചലമാക്കിയെന്ന് മുഖ്യമന്ത്രി: തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍

single-img
9 December 2018

കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് യു.ഡി.എഫ് തടസം സൃഷ്ടിച്ചെന്ന പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 1996 ല്‍ ഉണ്ടായ ആശയമാണിത്. അക്കാലത്ത് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും 2001 മുതല്‍ 2006 വരെ കണ്ണൂര്‍ വിമാനത്താവള പദ്ധതി നിശ്ചലമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്തുകൊണ്ടാണ് ആ നിലപാട് ഉണ്ടായതെന്ന് അറിയില്ല. 2006ല്‍ വി എസ് അച്യുതാനനന്ദന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍വയ്ക്കുന്നത്. സ്ഥലമേറ്റേടുപ്പ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ അക്കാലയളവില്‍ വേഗതയില്‍ നീങ്ങി.

ആ പുരോഗതിക്ക് അനുസരിച്ച് പിന്നീടുള്ള അഞ്ചുവര്‍ഷം(2011-2016) കാര്യങ്ങള്‍ നടന്നോയെന്ന വിലയിരുത്തലിലേക്ക് താന്‍ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2001-06 കാലത്തേതു പോലെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കാന്‍ 2011-16ല്‍ സാധിച്ചില്ല. പകരം ചില തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തി.

എന്നാല്‍ അക്കാലയളവിലും വിമാനത്താവളം പൂര്‍ത്തിയായില്ല. എന്നാല്‍ പൂര്‍ത്തിയാക്കിയെന്ന പ്രതീതി ഉണ്ടാക്കാന്‍ ഒരു ഉദ്ഘാടനം നടത്തി. എന്താണ് ഉദ്ഘാടനം ചെയ്തതെന്ന് അറിയില്ല. പിണറായി വിജയന്‍ പറഞ്ഞു. എയര്‍ഫോഴ്‌സിന്റെ കയ്യില്‍ അടിയന്തിര ഘട്ടത്തില്‍ എവിടെയും ഇറക്കാന്‍ സാധിക്കുന്ന വിമാനം ഇറക്കി ഉദ്ഘാടനം ചെയ്യുകയാണെന്ന് പറഞ്ഞു ആളുകളെ കൂട്ടി. ആ വിമാനത്താവളമാണ് 2016 ലെ സര്‍ക്കാര്‍ വന്ന് രണ്ടര വര്‍ഷം പിന്നിട്ട് പൂര്‍ണ ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്ന സ്ഥിതി വന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണ നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും പിണറായി ആവശ്യപ്പെട്ടു.