ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കാത്തതില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം; വിവാദത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി

single-img
9 December 2018

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കാത്തതില്‍ ടെര്‍മിനലില്‍ യാത്രക്കാരുടെ പ്രതിഷേധം. ആദ്യ വിമാനത്തിലെ യാത്രക്കാരനായ ഫൈസലാണ് പ്രതിഷേധം അറിയിച്ചുള്ള പോസ്റ്ററുമായെത്തിയത്.

കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്റെ രാജ ശില്‍പ്പി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു എന്ന് എഴുതിയ പോസ്റ്ററുമായാണ് ഫൈസല്‍ വിമാനത്തില്‍ കയറാനെത്തിയത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കിയതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനും യുഡിഎഫ് നേതാക്കള്‍ക്കും പങ്കുണ്ട്.

അത് എല്ലാവര്‍ക്കും അറിയാം. അവരെ ക്ഷണിക്കാത്തതിലാണ് ഈ പ്രതിഷേധമെന്ന് ഫൈസല്‍ പറഞ്ഞു. പ്രതിഷേധം അറിയിക്കാതിരുന്നാല്‍ അത് നീതികേടാവുമെന്നും ഫൈസല്‍ പറയുന്നു.

അതേസമയം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ വിവാദത്തിനില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സന്തോഷകരമായ അവസരമാണിത്. വിമാനത്താവളത്തിന്റെ നിര്‍മാണം 2017ല്‍ പൂര്‍ത്തിയാക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്നതു വരെ സമയക്രമം പാലിച്ചാണ് നിര്‍മാണം നടന്നത്. പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് നടത്തിയ നിസ്സഹകരണമാണ് സമയക്രമത്തില്‍ ചെറിയൊരു വ്യത്യാസം വരാന്‍ കാരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. എന്താണ് കാര്യമെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാവിലെ പത്തേകാലോടെയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആദ്യയാത്രാവിമാനം അബുദാബിയിലേക്ക് പറന്നുയര്‍ന്നത്. ഉദ്ഘാടന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വി എസ് അച്യുതാനന്ദനെയും ക്ഷണിച്ചിരുന്നില്ല. യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിച്ചു.