കണ്ണൂരിന് ചരിത്രത്തിലേക്ക് ടേക്ക് ഓഫ്; ആദ്യവിമാനം അബുദാബിയിലേക്ക് പറന്നുയര്‍ന്നു: വീഡിയോ

single-img
9 December 2018

കണ്ണൂര്‍: ഉത്തരമലബാറിന്റെ വികസനസ്വപ്നങ്ങള്‍ക്കു സാഫല്യമേകി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആദ്യ യാത്രാവിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് രാവിലെ 10.15ന് കണ്ണൂരില്‍നിന്ന് പറന്നുയര്‍ന്നത്. ആദ്യവിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നു നിര്‍വഹിച്ചു. ടെര്‍മിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേര്‍ന്നു നിര്‍വഹിച്ചിരുന്നു.

185 യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനത്തിലുള്ളത്. ഇന്ന് വൈകീട്ട് തന്നെ ഈ വിമാനം കണ്ണൂരില്‍ തിരിച്ചെത്തും. നാളെ മുതല്‍ കൃത്യമായ സമയക്രമം അനുസരിച്ച് വിമാനം സേവനം നടത്തും. ഇന്ന് രാവിലെ 11 മണിയോടെ ബെംഗളൂരുവില്‍ നിന്നുള്ള ഗോ എയര്‍ വിമാനം കണ്ണൂരിലെത്തും.

ഗോ എയര്‍ വിമാനങ്ങളും, ഇന്‍ഡിഗോ വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള ആഭ്യന്തര സേവനങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന വേദിയിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

ചടങ്ങുകളോടനുബന്ധിച്ച് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ വാദ്യമേളവും കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി. മന്ത്രിമാരായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എ.കെ ശശീന്ദ്രന്‍, കെ.കെ. ശൈലജ, ഇ.പി. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, വ്യവസായി എം.എ.യൂസഫ് അലി എന്നിവര്‍ ചടങ്ങുകളില്‍ സന്നിഹിതരായി. അതേസമയം കോണ്‍ഗ്രസും ബി.ജെ.പിയും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു.

കണ്ണൂരിൽ നിന്നും ആദ്യ വിമാനം പറന്നുയരാൻ പോകുന്നു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനൊപ്പം ഫ്ലാഗ് ഓഫ് ചെയ്യുന്നു.

Posted by Pinarayi Vijayan on Saturday, December 8, 2018