‘ഞാന്‍ മരിക്കും മുന്‍പ് എന്റെ മകള്‍ മരിക്കണം’; മലപ്പുറത്തുള്ള ഈ അമ്മയുടെ കണ്ണീര്‍ കാണാതിരിക്കാനാവില്ല

single-img
9 December 2018

മലപ്പുറം പൊന്നാനി സ്വദേശികളായ ബിജു-ബിന്ദു ദമ്പതിമാരുടെ രണ്ടുമക്കളില്‍ ഇളയവളാണ് ഗോപിക. ജന്മനാ ഓട്ടിസം ബാധിച്ച ഗോപികക്ക് പരസഹായം കൂടാതെ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയില്ല. ഇപ്പോള്‍ വയസ്സ് 14. എന്നാല്‍ ഗോപികയുടെ ശരീരഭാരമാകട്ടെ 120 കിലോക്ക് മുകളിലും.

ഗോപികക്ക് എപ്പോഴും വിശപ്പാണ്. വിശപ്പ് സഹിക്കാനാവാതെ ഗോപിക ഉറക്കെ കരയും. ഒരു ദിവസത്തില്‍ 25 തവണയാണ് ബിന്ദു ഗോപികക്ക് ഭക്ഷണം നല്‍കുന്നത്. മുലകുടിക്കുന്ന പ്രായത്തില്‍ തന്നെ ഗോപികക്ക് അമിതമായ വിശപ്പുണ്ട് എന്ന് ബിന്ദു മനസിലാക്കിയതാണ്.

എന്നാല്‍ അതൊരു രോഗമാണ് എന്ന് തിരിച്ചറിയാന്‍ ഏറെ വൈകി. തലച്ചോറിലെ ഹൈപ്പോതലാമസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഗോപികക്ക് വിശപ്പ് നിയന്ത്രിക്കാന്‍ സാധിക്കാത്തത്. ഓട്ടിസത്തിന് പുറമെ ഇങ്ങനെ ഒരു രോഗം കൂടി മകള്‍ക്കുണ്ട് എന്നറിഞ്ഞത് കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഉള്ളതെല്ലാം വിറ്റുപെറുക്കി അവര്‍ മകളെ ചികില്‍സിച്ചു. അപ്പോഴാണ് ഗോപിക മാനസികരോഗത്തിന് കൂടി അടിമയാണ് എന്ന് അവര്‍ അറിയുന്നത്. വേനല്‍ക്കാലങ്ങളില്‍ ഗോപിക വയലന്റാകും. ഗോപികയുടെ അച്ഛന്‍ ബിജുവിന് കല്‍പ്പണിയായിരുന്നു. മകളുടെ ചികിത്സക്ക് വേണ്ടിയുള്ള ഓട്ടത്തിനിടക്ക് അദ്ദേഹം തലകറങ്ങി വീണു.

തലച്ചോറില്‍ രക്തം കട്ടപിടിച്ച് ജീവിതത്തിനും മരണത്തിനും ഇടയില്‍ മാസങ്ങള്‍ കഴിഞ്ഞു. വീടും സ്ഥലവും വിറ്റ് ബിജുവിനെ ചികില്‍സിച്ചു. അസുഖം മാറി എങ്കിലും ഇടക്കിടക്ക് ബോധം പോകുന്നതിനാല്‍ ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായി. അടുത്ത വീടുകളില്‍ നിന്നും അരിയും മറ്റും കടം വാങ്ങിയാണ് ബിന്ദു ഇക്കാലമത്രയും മകളെയും ഭര്‍ത്താവിനെയും നോക്കിയത്.

ഒരുവിധത്തില്‍ ബിജു ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഹൃദ്രോഗത്തിന്റെ രൂപത്തില്‍ വിധി വീണ്ടും ആക്രമിച്ചത്. ഉടനെ ഓപ്പറേഷന്‍ ആവശ്യമാണ് എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ അഞ്ചുമാസം കഴിഞ്ഞു. പകല്‍ സമയത്ത് ഓട്ടോ ഓടിച്ചു മകളെ ചികില്‍സിക്കാനുള്ള പണം കണ്ടെത്തുകയാണ് ബിജു.

ഓട്ടിസത്തിനും മാനസിക രോഗത്തിനും ചികിത്സയെടുക്കുന്നുണ്ട് ഗോപിക. എന്നാല്‍ ഹൈപ്പോതലാമസിലെ പ്രശ്‌നത്തിന് മരുന്നില്ല. മരണം വരെ ഗോപികയെ ഈ വിശപ്പ് വിടാതെ പിന്തുടരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വയലന്റ് ആകുന്ന സന്ദര്‍ഭങ്ങളില്‍ ഗോപികയെ ശാന്തയാക്കുന്നതിനുള്ള മരുന്ന് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.

എട്ടാം വയസ്സില്‍ പ്രായപൂര്‍ത്തി ആകുക കൂടി ചെയ്തതോടെ ശരീരത്തിന്റെ ഭാരം വര്‍ധിക്കാന്‍ തുടങ്ങി. ശരീരത്തിന് യാതൊരു വിധ വ്യായാമവും ഇല്ലാത്തതിനാല്‍ ശരീരത്തിന്റെ പലഭാഗങ്ങളും പൊട്ടാനും തുടങ്ങിയിട്ടുണ്ട്. തന്റെ മകളെ അടച്ചുറപ്പുള്ള ഒരു വീട്ടില്‍ താമസിപ്പിക്കണം, അവളുടെ മരണം വരെ വിശപ്പ് മാറ്റാന്‍ കഴിയണം ഇത് മാത്രമാണ് ബിന്ദുവിന്റെ ഇപ്പോഴത്തെ ആഗ്രഹം.

വാടകവീട്ടില്‍ അരപ്പട്ടിണിയും മുഴുപട്ടിണിയുമായി കഴിയുമ്പോള്‍ ഇതിനുള്ള അവസരം ലഭിക്കുന്നില്ല. മകളെ ഒറ്റക്കാക്കി ജോലിക്ക് പോകാനുള്ള സാഹചര്യവും ഇല്ല. ഗോപികയുടെ മൂത്ത സഹോദരന്‍ പഠിപ്പു നിര്‍ത്തി 17 വയസ്സില്‍ കുടുംബത്തെ നിലനിര്‍ത്തുന്നതിന് വേണ്ടി അധ്വാനിക്കുകയാണ്. ഈ കുടുംബത്തെ കരകയറ്റുന്നതിനു കരുണയുള്ള മനസുകളുടെ സഹായം കൂടിയേ തീരൂ.

ഗോപികയെ സഹായിക്കാന്‍…

പഞ്ചാമ്പ് നാഷ്ണല്‍ ബാങ്ക്
AC NO:427 O00 17000 30255.
IFSC code:PUNB 04 27000.
Neme: Gopika biju:
Holder: BINDHU.
ERAMANGALAM
9895203820