Featured

ഹോട്ടല്‍ മുറിയിലും ട്രയല്‍ റൂമിലും ഒളിപ്പിച്ചുവെച്ച രഹസ്യ ക്യാമറകള്‍ എങ്ങനെ കണ്ടുപിടിക്കാം?

ഒളിഞ്ഞുനോട്ടം ജീവിതവ്രതമാക്കിയവര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. നേരമ്പോക്കിനായി ഒരാള്‍ തുടങ്ങുന്ന ഒളിഞ്ഞുനോട്ടത്തില്‍ ജീവിതം തകര്‍ന്നവരുടെ എത്രയോ കഥകള്‍ നിത്യവും കേള്‍ക്കുന്നുമുണ്ട്. കുളിക്കടവിലും കുളിമുറിയിലും വാതില്‍പ്പഴുതിലും താക്കോല്‍പ്പഴുതിലും ഒളിഞ്ഞുനോക്കി ശീലിച്ചവരുടെ ഇടയിലേക്കാണ് ഒളിക്യാമറകള്‍ (സ്‌പൈ ക്യാം) പെട്ടെന്നു മിഴി തുറന്നത്.

മൊട്ടുസൂചിയുടെ മാത്രം വലിപ്പത്തിലേക്ക് ക്യാമറകള്‍ ചെറുതായപ്പോള്‍ ഒരുപാടു പേരുടെ സ്വകാര്യതകള്‍ പുറംലോകത്തിന് കാഴ്ചവസ്തുവായി. സ്വകാര്യതയിലേയ്ക്ക് നീളുന്ന ക്യാമറക്കണ്ണുകള്‍ എവിടെയും പ്രത്യക്ഷപ്പെട്ടേക്കാം. കഴിഞ്ഞ ദിവസം ചെന്നൈയിലെ ലേഡീസ് ഹോസ്റ്റില്‍ നിന്നു കണ്ട ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ബാത്ത്‌റൂമിലും ബെഡ്‌റൂമിലും ബെഡിന് സമീപത്തുവരെ ഒളി ക്യാമറകള്‍. സാധാരണക്കാരന് പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത രീതിയിലായിരുന്നു ക്യാമറകള്‍ ഒളിപ്പിച്ചുവെച്ചിരുന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ പൊലീസ് അന്വേഷിച്ച് കുറ്റവാളികളെ അറസ്റ്റു ചെയ്തു.

പഞ്ച നക്ഷത്ര ഹോട്ടലുകളുടെ ടോയ്‌ലറ്റ് റൂമില്‍ പോലും ഒളിക്യാമറ ഘടിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയ വാര്‍ത്ത വന്നിരുന്നു. ഒരാള്‍ക്കു പോലും ഇതു കണ്ടെത്താന്‍ സാധിക്കില്ലെന്ന് എന്നതാണ് വസ്തുത. നടി നടന്‍മാര്‍ വരെ താമസിക്കുന്ന ഹോട്ടലില്‍ പോലും ഹിഡന്‍ ക്യാമറകളുണ്ടെന്നത് രഹസ്യമായ പരസ്യമാണ്.

കണ്ണുകൊണ്ട് പെട്ടെന്ന് കണ്ടെത്താനാകാത്ത സുഷിരങ്ങളില്‍ പോലും ക്യാമറ, സ്‌ക്രൂവിന്റെ വലുപ്പത്തില്‍ ക്യാമറ, ക്ലോസറ്റില്‍ ക്യാമറ, ബാത്ത് ടവല്‍, ഷവര്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ക്യാമറ ഘടിപ്പിച്ചിരിക്കുന്നു. ഹോട്ടല്‍ മുറിയില്‍ പോയാലോ പുതിയ വസ്ത്രം നോക്കാനായി ട്രയല്‍ റൂമില്‍ കയറിയാലോ ഒക്കെ എല്ലാവര്‍ക്കും ഇന്നു ഭയമാണ്.

എന്നാല്‍ ഇത്തരം ക്യാമറകള്‍ കണ്ടെത്താന്‍ വഴികളുണ്ട്. സ്‌മോക് ഡിക്ടക്റ്റര്‍, പ്ലഗ് പോയിന്റ്, ലൈറ്റ്, ഭിത്തികളിലെ ചെറിയ സുഷിരം, പെയിന്റിങ് ഫ്രെയിമുകള്‍, ലാംബുകള്‍, ഇരുവശത്തു നിന്നും കാണാവുന്ന നിലക്കണ്ണാടികള്‍, ക്ലോക്കുകള്‍, ഷവര്‍, മേല്‍ക്കൂരയിലെ മൂലകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കാന്‍ സാധ്യത കൂടുതല്‍. പരിചയമില്ലാത്ത മുറികളില്‍ താമസിക്കേണ്ടി വന്നാല്‍ ഇത്തരം സ്ഥലങ്ങള്‍ പരിശോധിക്കാം.

മൊബൈല്‍ ഫോണില്‍ കോള്‍ വിളിച്ച ശേഷം കട്ട് ചെയ്യാതെ മുറിയില്‍ ക്യാമറയുള്ളതായി സംശയമുള്ള സ്ഥലത്തിനു സമീപം പിടിച്ചാല്‍ കാന്തിക വലയം മൂലം ചെറു ശബ്ദങ്ങള്‍ ഉണ്ടാകും. ക്യാമറകളോ, മൈക്കുകളോ കണ്ടെത്താന്‍ സാധിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ സൗജന്യമായി ലഭ്യമാണ്. ഇവ ഡൗണ്‍ലോഡ് ചെയ്തു പ്രവര്‍ത്തിപ്പിച്ചാല്‍ ഒളിക്യാമറകള്‍ എളുപ്പത്തില്‍ കണ്ടെത്താം.

മുറിയിലെ ലൈറ്റുകള്‍ ഓഫുചെയ്ത ശേഷം ഫ്‌ലാഷ് ഓഫ് ചെയ്തു മൊബൈല്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ചാല്‍ ക്യാമറകളില്‍ നിന്നു പുറപ്പെടുന്ന ഇന്‍ഫ്രാ റെഡ് ലൈറ്റുകള്‍ ദൃശ്യമാകും. ക്യാമറകളും, ഒളിച്ചുവച്ച ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്താന്‍ സാധിക്കുന്ന ആര്‍എഫ് ഡിക്ടറ്ററുകളും വിപണിയില്‍ ലഭ്യമാണ്.