അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ; ഏഴ് വിക്കറ്റ് ശേഷിക്കേ 166 റണ്‍സിന്റെ ലീഡ്: ഓസീസ് മണ്ണില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഋഷഭ് പന്ത്

single-img
8 December 2018

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍കൈ. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 151/3 എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ബാക്കിനില്‍ക്കേ ഇന്ത്യക്ക് 166 റണ്‍സിന്റെ ലീഡുണ്ട്. ചേതേശ്വര്‍ പൂജാര (40), അജിങ്ക്യ രഹാനെ (1) എന്നിവരാണ് ക്രീസില്‍.

മൂന്നാം ദിനം ഇന്ത്യ കൂടുതല്‍ പിടിമുറുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഏഴിന് 191 എന്ന നിലയില്‍ നിന്നും മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിന് അധികം പിടിച്ചു നില്‍ക്കാനായില്ല. 72 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസ് പോരാട്ടത്തിന് നേതൃത്വം നല്‍കിയത്.

ഒന്‍പതാമനായി ഹെഡ് പുറത്തായതിന് തൊട്ടടുത്ത പന്തില്‍ ജോഷ് ഹേസില്‍വുഡും വീണതോടെ ഓസീസ് ഇന്നിംഗ്‌സ് 235 റണ്‍സില്‍ അവസാനിച്ചു. 24 റണ്‍സോടെ ലയണ്‍ പുറത്താകാതെ നിന്നു. ഇന്ത്യക്കായി അശ്വിനും, ബുംറയും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, ഇഷാന്ത് ശര്‍മ മുഹമ്മദ് ഷമ എന്നിവര്‍ രണ്ടു വിക്കറ്റ് നേടി.

15 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ മുരളി വിജയിയും കെ.എല്‍.രാഹുലും മികച്ച തുടക്കം നല്‍കി. ഇരുവരും 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഭാഗ്യത്തിന്റെ കൂടി അകമ്പടിയില്‍ ബാറ്റ് ചെയ്ത രാഹുല്‍ 44 റണ്‍സ് നേടി.

വിജയ് 18 റണ്‍സിന് പുറത്തായി. നാലാം വിക്കറ്റില്‍ പൂജാരയും കോഹ്ലിയും ഒത്തുചേര്‍ന്നതോടെയാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മേല്‍കൈ വന്നത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 34 റണ്‍സ് നേടിയ കോഹ്ലിയെ സ്പിന്നര്‍ നഥാന്‍ ലയണാണ് മടക്കിയയച്ചത്.

അതിനിടെ, ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് ഋഷഭ് പന്ത് സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന്റെ ആറു ക്യാച്ചുകള്‍ കയ്യിലൊതുക്കിയാണ് ഇരുപത്തൊന്നുകാരനായ പന്ത് റെക്കോര്‍ഡിട്ടത്.

ഓസീസ് നിരയില്‍ ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാണ് പന്തിന് ക്യാച്ചു സമ്മാനിച്ച് പുറത്തായത്. ഇതില്‍ രണ്ടു പേര്‍ മുഹമ്മദ് ഷമിയുടെ പന്തിലും രണ്ടു പേര്‍ ജസ്പ്രീത് ബുമ്രയുടെ പന്തിലുമാണ് പന്തിനു ക്യാച്ച് നല്‍കിയത്. ഓരോ താരങ്ങള്‍ വീതം ഇഷാന്ത് ശര്‍മയുടെയും രവിചന്ദ്രന്‍ അശ്വിന്റെയും പന്തില്‍ പന്തിനു ക്യാച്ച് നല്‍കി.

ഇതോടെ, ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനവും പന്തു നേടി. ആറു ക്യാച്ചു വീതം നേടിയിട്ടുള്ള ഡെന്നിസ് ലിന്‍ഡ്‌സേ (ദക്ഷിണാഫ്രിക്ക), ജാക്ക് റസ്സല്‍ (ഇംഗ്ലണ്ട്), അലെക് സ്റ്റുവാര്‍ട്ട് (ഇംഗ്ലണ്ട്), ക്രിസ് റീഡ് (ഇംഗ്ലണ്ട്), മാറ്റ് പ്രയര്‍ (ഇംഗ്ലണ്ട്) എന്നിവര്‍ക്കൊപ്പമാണ് പന്തിന്റെയും സ്ഥാനം.

അതേസമയം, പന്തിനു പുറമെ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ആറു ക്യാച്ചു നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയാണ്. 2009ല്‍ ന്യൂസീലന്‍ഡിനെതിരെ വെല്ലിങ്ടണിലാണ് ധോണി ഒരു ഇന്നിങ്‌സില്‍ ആറു ക്യാച്ചു സ്വന്തമാക്കിയത്.