അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ

single-img
8 December 2018

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കൂട്ടിയപ്പോള്‍ കംഗാരുക്കള്‍ 235 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആര്‍.അശ്വിനും ജസ്പ്രീത് ബുംറയുമാണ് ഓസ്‌ട്രേലിയയെ ചുരുട്ടിക്കെട്ടിയത്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷാമിയും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

മൂന്നാം ദിനം മഴ തടസപ്പെടുത്തിയ കളിയില്‍ 191 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 44 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടക്കത്തില്‍തന്നെ വീഴ്ത്തി ബുംറ ഓസ്‌ട്രേലിയയുടെ വീഴ്ചയ്ക്കു തുടക്കം കുറിച്ചത്. പിന്നാലെ ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് കരുത്തായിരുന്ന ട്രാവിസ് ഹെഡിനെ (75) ഷാമി പവലിയന്‍ കയറ്റി. ട്രാവിസിനു പിന്നാലെ ജോഷിനെയും ഷാമി പുറത്താക്കി ഓസ്‌ട്രേലിയയുടെ പതനംപൂര്‍ത്തിയാക്കി.

മഴയെത്തുടര്‍ന്ന് കളി ഇടവേളകളില്‍ നേരിയ മാറ്റം വരുത്തിയതോടെ ഉച്ചഭക്ഷണ വേള ഉച്ചതിരിഞ്ഞ് 1.30 ലേക്ക് നീട്ടിയിരുന്നു. എന്നാല്‍ ഓസീസ് ഇന്നിങ്‌സ് അവസാനിച്ചതിനു പിന്നാലെ വെളിച്ചക്കുറവു കൂടി പരിഗണിച്ച് മല്‍സരം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.

രണ്ടാം ദിനത്തില്‍ ഇന്ത്യയെപ്പോലെ ബാറ്റിങ്ങില്‍ തകര്‍ന്ന ഓസീസിനു വേണ്ടി രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തതു ട്രാവിസ് ഹെഡായിരുന്നു. ഹാന്‍ഡ്‌സ്‌കോംബുമൊത്തും (34) പാറ്റ് കമ്മിന്‍സുമൊത്തുള്ള (10) ഹെഡിന്റെ കൂട്ടുകെട്ടുകളാണ് ഓസ്‌ട്രേലിയയെ 200ന് അരികെയെത്തിച്ചത്.