കെ സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായേക്കും: ശ്രീധരന്‍പിള്ളയെ മിസോറാമിലേക്ക് തട്ടി കുമ്മനത്തെ കൊണ്ടുവന്ന് തിരുവനന്തപുരത്തു മത്സരിപ്പിക്കാനും നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍

single-img
8 December 2018

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ വേണ്ട രീതിയില്‍ പ്രതികരിക്കാതിരുന്നതിന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ക്കെതിരെ കടുത്ത അതൃപ്തിയാണ് ആര്‍.എസ്.എസ് ബി.ജെ.പി അണികളിലുണ്ടായിരുന്നത്. ഇതോടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.എസ്. ശ്രീധരന്‍ പിള്ളയെ മാറ്റാന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് വിവരം.

നേരത്തെ, ബിജെപി സംസ്ഥാന ഘടകത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതിനെത്തുടര്‍ന്നാണ് കുമ്മനത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്നുനീക്കി ഗവര്‍ണറാക്കി മാറ്റിയത്. ഇതേ സാഹചര്യമാണ് നിലവില്‍ സംസ്ഥാന ബിജെപിയില്‍ ഉള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

പാര്‍ട്ടിയിലെ നിലവിലെ ഭിന്നത തുടര്‍ന്നാല്‍ അത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അത് ഒഴിവാക്കാന്‍ മൂന്നാഴ്ചയിലധികം നീണ്ട ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ ഉണ്ടാക്കിക്കൊടുത്തുവെന്ന വിലയിരുത്തല്‍ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കിടയിലുമുണ്ട്. മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ സംസ്ഥാനത്തേക്ക് തിരികെവിളിച്ചു പകരം ശ്രീധരന്‍പിള്ളയെ അങ്ങോട്ട് ഗവര്‍ണറാക്കി നിയോഗിക്കാനാണു നീക്കമെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമല വിഷയത്തിലടക്കം ശ്രീധരന്‍പിള്ളയുടെ നീക്കങ്ങള്‍ പോരാ എന്നുതന്നെയാണ് പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെന്നും ശ്രീധരന്‍പിള്ളയുമായി ഇടഞ്ഞുനില്‍ക്കുന്ന വി മുരളീധര വിഭാഗത്തിന്റെ എതിര്‍പ്പ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുവെന്നും ദേശീയ നേതൃത്വം വിലയിരുത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനു ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ഉണ്ടായപ്പോഴും പാര്‍ട്ടിയും കേരളാ ഘടകവും വേണ്ടവിധം പ്രതികരിച്ചില്ലെന്നു ആരോപണം ഇയര്‍ന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശബരിമല സമരം നിര്‍ജീവമായത് ശ്രീധരന്‍പിള്ളയുടെ തണുപ്പന്‍ ഇടപെടല്‍ മൂലമാണെന്നും എസ്എന്‍ഡിപിയേ കൂടെ നിര്‍ത്താന്‍ കഴിയാത്തത് വലിയ വീഴ്ചയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി പോയപ്പോള്‍ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനാക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ ആര്‍.എസ്. എസ് സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് മൂലമാണ് അത് തടയപ്പെട്ടത്. എന്നാല്‍, ഇന്ന് ആര്‍.എസ്.എസ് ആകട്ടെ സുരേന്ദ്രനെ പിന്തുണയ്ക്കുന്നു എന്നാണ് വിവരം.

അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ വൈകാതെ കേരളത്തിലെത്തും. സംസ്ഥാന പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അപ്പോള്‍ ചര്‍ച്ച ചെയ്‌തേക്കും. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ നേതൃമാറ്റമെന്നത് ദേശീയ നേതൃത്വം പരിഗണിക്കാന്‍ ഇടയില്ലെന്നാണ് പറയപ്പെടുന്നത്.

മാത്രമല്ല, ശ്രീധരന്‍ പിള്ള ചുമതലയേറ്റിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. ആ സ്ഥിതിക്ക് നേതൃമാറ്റം അണികള്‍ക്കിടയില്‍ ആശയക്കുഴപ്പവും പൊതുജനമദ്ധ്യത്തില്‍ പാര്‍ട്ടിയെക്കുറിച്ച് തെറ്റായ സന്ദേശവും നല്‍കുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.