കൊല്ലെടാ അവളെ എന്ന് ആക്രോശിച്ചത് ആരെന്ന് അന്വേഷിക്കാത്തതെന്ത്?: സംഘര്‍ഷത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ സംഘമെന്നു സുരേന്ദ്രന്‍

single-img
8 December 2018

ശബരിമല യുവതീപ്രവേശനത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇക്കാര്യം അദ്ദേഹം 14 ജില്ലകളിലും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ അജണ്ടയില്‍നിന്നു സര്‍ക്കാരും സിപിഎമ്മും പിന്മാറിയോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഈ നാടകത്തിലൂടെ സര്‍ക്കാര്‍ എന്ത് നേടി. കോടിക്കണക്കിന് വരുന്ന ഭക്തജനങ്ങളുടെ വികാരത്തെയാണ് സര്‍ക്കാര്‍ മുറിവേല്‍പ്പിച്ചത്. എന്തിനാണ് സര്‍ക്കാര്‍ ശബരിമലയില്‍ 144 പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ചിത്തിര ആട്ടവിശേഷത്തിനിടെ ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ തൃശൂരില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ സംഘമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ കാണുന്നത് ആരുടെ പ്രവര്‍ത്തകരാണെന്നു സര്‍ക്കാര്‍ വെളിപ്പെടുത്തണം.

സന്നിധാനത്തു തീര്‍ഥാടകയെ തടയുന്നതിനിടയില്‍ ‘അവളെ കൊല്ലെടാ’ എന്ന് ആരോ ആക്രോശിക്കുന്നത് ഓഡിയോയില്‍ വ്യക്തമാണ്. ഇതാരാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുന്‍കരുതല്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്ത തന്റെ പേരില്‍ പിന്നീട് അഞ്ച് കള്ളക്കേസുകള്‍ ചുമത്തി.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. കേസുകള്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തനിക്ക് ചായ വാങ്ങിച്ച് തന്നതിന്റെ പേരിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. ടിപി വധക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ എന്തൊക്കെ ഒത്താശകളാണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നു സുരേന്ദ്രന്‍ പറഞ്ഞു.