സമദൂര നിലപാട് മാറ്റേണ്ടി വരും: സര്‍ക്കാരിന് മുന്നറിയിപ്പുമായി ലത്തീന്‍സഭ

single-img
8 December 2018

ഓഖി ദുരന്ത ബാധിതര്‍ക്കുള്ള സഹായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ലത്തീന്‍ കത്തോലിക്കാ സഭ. ഓഖി ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ചോദിച്ചു. നന്മ ചെയ്താല്‍ പിന്തുണയ്ക്കുമെന്നും തിന്മചെയ്താല്‍ വിളിച്ചുപറയുമെന്നും ആര്‍ച്ച്ബിഷപ്പ് ഡോ. എം.സൂസപാക്യം പറഞ്ഞു.

മത്സ്യതൊഴിലാളികള്‍ക്ക് അനുമോദനമല്ല, സമഗ്രവികസനമാണ് വേണ്ടത്. ഓഖികഴിഞ്ഞ് ഒരുവര്‍ഷമായിട്ടും, ഇരുപത്തി അഞ്ച് കോടിയുടെ ധനസഹായം മാത്രമാണ് നല്‍കിതെന്നും ഡോ.സൂസപാക്യം കുറ്റപ്പെടുത്തി. ഓഖിയില്‍ തകര്‍ന്ന മത്സ്യമേഖലക്ക് 2000 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടും ഇത് വരെ തുച്ഛമായ തുകയെ ചെലവഴിച്ചുള്ളൂവെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

കേരളത്തിന്റെ സേനയെന്ന് മത്സ്യതൊഴിലാളികളെ പുകഴ്ത്തിയതുകൊണ്ടായില്ല, സമഗ്രവികസനം വേണം. സമദൂരമെന്ന നിലപാടില്‍നിന്ന് ലത്തീന്‍സമുദായത്തിന് മാറി ചിന്തിക്കേണ്ടിവരുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെയും ഡോ.സുസപാക്യം വിമര്‍ശിച്ചു.

പ്രധാനമന്ത്രി നേരിട്ടവന്ന് ഓഖി വരുത്തിയ ദുരന്തം കണ്ടിട്ടും കാണാതായവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപപോലും നല്‍കിയില്ല. സംസ്ഥാനസര്‍ക്കാര്‍ 44 പേര്‍ക്ക് മാത്രമാണ് ജോലിനല്‍കിയത്. കൂടുതല്‍ ആത്മാര്‍ഥമായും ശക്തമായും സംസ്ഥാന സര്‍ക്കാരെങ്കിലും പ്രവര്‍ത്തിക്കണമെന്നും ലത്തീന്‍ അതിരൂപതാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.