മോദിയുടെ ഇന്ത്യയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് ഗൂഢശക്തിയുണ്ട്, ജാഗ്രത പാലിക്കുക: പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

single-img
8 December 2018

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഇന്ത്യയില്‍ ഇലക്ട്രോണിക് മെഷീനുകള്‍ക്ക് നിഗൂഢ ശക്തികള്‍ ഉണ്ടെന്ന് രാഹുല്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ വഴിയാണ് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

രാജസ്ഥാനിലെയും തെലങ്കാനയിലെയും ഓരോ പോളിങ് ബൂത്തുകളിലെയും പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ എല്ലാ പരിശ്രമവും നടത്തണമെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചു. ‘മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങള്‍ വിചിത്രമായാണ് പെരുമാറുന്നത്.

ചിലര്‍ ബസ് തട്ടിയെടുക്കുകയും രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷരാവുകയും ചെയ്തു. മറ്റുചിലരെ ഹോട്ടലില്‍ മദ്യപിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തികളാണുള്ളത്.’ രാഹുല്‍ ട്വീറ്റുചെയ്തു.

മധ്യപ്രദേശില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി 48 മണിക്കൂറുകള്‍ക്ക് ശേഷമാണ് വോട്ടിങ് യന്ത്രങ്ങള്‍ കളക്ഷന്‍ സെന്ററുകളില്‍ എത്തിയതെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അവയുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം.