ഇടിച്ചുകയറി മദ്യം വാങ്ങുന്നതിനിടെ യുവാവിന് നഷ്ടമായത് നാല് പവന്റെ ബ്രേസ്‌ലെറ്റ്; കളഞ്ഞുകിട്ടിയതാകട്ടെ ബിവറേജസ് ജീവനക്കാരനും; അത് തിരിച്ചുകൊടുത്ത കഥ പറഞ്ഞ് പൂന്തുറ എസ്‌ഐ

single-img
8 December 2018

മുട്ടത്തറ ബിവറേജസ് ഔട്ട്‌ലെറ്റില്‍ വച്ചാണ് സംഭവം. ഇവിടെ മദ്യം വാങ്ങാനെത്തിയ യുവാവിന്റെ കയ്യില്‍ നിന്നും സ്വര്‍ണ ബ്രേസ്ലറ്റ് നഷ്ടമായി. ഇതിന് പിന്നാലെ ഇത് ബിവറേജസ് ജീവനക്കാരന് ലഭിക്കുകയും അയാള്‍ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ഉടമയെ കണ്ടെത്തിയ പൊലീസ് അത് ബിവറേജസ് ജീവനക്കാരനെ കൊണ്ട് തന്നെ തിരികെ കൊടുക്കുപ്പിക്കുകയും ചെയ്തു.

എന്നാല്‍, ഈ ബ്രേസ്‌ലെറ്റിന് പിന്നിലെ കഥ പൂന്തുറ എസ്‌ഐ സജിന്‍ ലൂയിസ് അല്‍പം നര്‍മം കലര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടതോടെ സാമൂഹ്യ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തിരിക്കുകയാണ്. ദാഹം മാറ്റാന്‍ വന്ന യുവാവ് ബിവറേജസ് ഔട്ട്‌ലെറ്റിലെ ക്യൂവില്‍ നിന്നതും അത് തെറ്റിച്ച് തന്റെ ഇഷ്ടപാനീയങ്ങള്‍ വാങ്ങിയതുമെല്ലാം വളരെ രസകരമായി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എസ്‌ഐ കുറിക്കുന്നുണ്ട്.

അവസാനം ഒരു ലക്ഷം രൂപയുടെ മുതല്‍ തിരിച്ചു കിട്ടിയെങ്കിലും ക്യൂ തെറ്റിച്ച് അതിക്രമം കാട്ടിയതിന് ക്രൂരനായ പൂന്തുറ സബ് ഇന്‍സ്‌പെക്ടര്‍ പെറ്റി കേസെടുത്തതിലുളള അമര്‍ഷം കഥാനായകന്‍ പിറുപിറുത്ത് പല്ല് കടിച്ചുപൊട്ടിച്ച് അമര്‍ത്തി നിര്‍ത്തിയെന്നും പറഞ്ഞാണ് സജിന്‍ ലൂയിസിന്റെ കുറിപ്പ് അവസാനിക്കുന്നത്.

എസ്‌ഐ സജിന്‍ ലൂയിസിന്റെ പോസ്റ്റ് വായിക്കാം

ജഗേഷ്, അവനാണീക്കഥയിലെ നായകനും വില്ലനും.

ഈ ഡിസംബര്‍ 4 തിയതി മദ്ധ്യാഹ്നത്തിലാണ് കഥയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കുറച്ചു മദ്യം സേവിക്കാനായി ദാഹിച്ച് കൂട്ടുകാരോടൊപ്പം ഇറങ്ങി തിരിച്ചതാണവന്‍, എത്തിച്ചേര്‍ന്നതോ മുട്ടത്തറ ബിവറേജസ് ഔട്ട് ലറ്റിനു മുന്നിലെ നീണ്ടു വളഞ്ഞ ക്യൂവിനു പിന്നിലും. ഒച്ചിഴയുന്ന വേഗതയില്‍ നീങ്ങുന്ന ക്യൂവില്‍ ഊഴം കാത്ത് സമാധാനത്തിന്റെ പ്രതിരൂപമായി നില്‍ക്കുന്ന മദ്യപാനികളെ കണ്ട് അവന് പുച്ഛം തോന്നി. തന്റെ ഊഴം വരുന്നതുവരെ കാത്തു നില്‍ക്കാനുളള സഹനശക്തി ആ യുവഹൃദത്തിനില്ലായിരുന്നു. മനസ്സിനെ തന്റെ ആരോഗ്യമുളള ശരീരം പിന്‍തുണച്ചപ്പോള്‍ തന്റെ മുന്നിലെ ക്യൂവിനെ കീറിമുറിച്ചു കൊണ്ടവന്‍ ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു, അശക്തമായ എതിര്‍ സ്വരങ്ങളെ അവജ്ഞയോടെ അവഗണിച്ചു. അപ്പോള്‍ അവന്റെ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു ‘മാര്‍ഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം’.

പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത നമ്മുടെ നായകന്‍ മദ്യം വിതരണം ചെയ്യുന്ന ഇരുമ്പ് കൂടിനു മുന്നിലെത്തി. ഒരു കൈ മാത്രം കടത്താന്‍ കഴിയുന്ന കൗണ്ടറില്‍ മറ്റൊരാളുടെ കൈ ഉണ്ടായിരിക്കെ തന്റെ ബലിഷ്ടമായ കൈ തളളിക്കേറ്റി , തന്റെ ഇഷ്ടപാനീയങ്ങള്‍ക്കായി ഓഡര്‍ നല്‍കി , വാങ്ങി. ആഹ്ലാദതുന്തിലനായി മദ്യകുപ്പികളും മാറോട് ചേര്‍ത്ത് തന്റെ കൂട്ടുകാരോടൊപ്പം അവിടെ നിന്നും നിഷ്‌ക്രമിച്ചു. സ്വകാര്യ സ്ഫലികളിലെവിടെയോ വച്ച് അയാള്‍ തന്റെ ആത്മാവിന്റെ ദാഹം തീര്‍ത്ത് മയങ്ങിക്കിടന്നു. ബോധമണ്ഡലങ്ങളിലേയ്ക്കുളള മടങ്ങി വരവില്‍ അമ്മയുടെ ശകാരത്തില്‍ നിന്നും അയാള്‍ മനസ്സിലാക്കി നാല് പവനോളം വരുന്ന തന്റെ സ്വര്‍ണ കൈച്ചങ്ങല നഷ്ടപ്പെട്ടു എന്ന്.

കസ്റ്റമര്‍ കെയറില്‍ ഒന്നാം സ്ഥാനം ആഗ്രഹിക്കുന്ന മുട്ടത്തറ ബിവറേജസിലെ ജീവനക്കാര്‍ ടി കൈച്ചങ്ങല കണ്ടെടുത്തു പൂന്തുറ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. അന്വേഷണത്തില്‍ നമ്മുടെ നായകനെ കണ്ടെത്തി , ബിവറേജസ് ജീവനക്കാരനായ സൂരജിനെ കൊണ്ട് കഥാപുരുഷന് കൈച്ചങ്ങല തിരികെ നല്‍കി, പൊതു പ്രവര്‍ത്തകനായ പാട്രിക് മൈക്കിള്‍ സാക്ഷി.
ഒരു ലക്ഷം രൂപയുടെ മുതല്‍ തിരിച്ചു കിട്ടിയെങ്കിലും ക്യൂ തെറ്റിച്ച് അതിക്രമം കാട്ടിയതിന് ക്രൂരനായ പൂന്തുറ സബ് ഇന്‍സ്‌പെക്ടര്‍ കഥാനായകനെതിരെ പെറ്റി കേസെടുത്തതിലുളള അമര്‍ഷം ശ്രീ ജഗേഷ് ഒന്ന് പിറുപിറുത്ത് പല്ല് കടിച്ചുപൊട്ടിച്ച് അമര്‍ത്തി നിര്‍ത്തി.

ശുഭം….