സൗദിയില്‍ നിന്ന് കുടുംബസമേതം ബഹ്‌റൈനിലെത്തിയ മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു

single-img
8 December 2018

സൗദിയില്‍ നിന്നും കുടുംബ സമേതം ബഹ്‌റൈനിലെത്തിയ പ്രവാസി മലയാളി കടലില്‍ മുങ്ങി മരിച്ചു. കോട്ടയം സ്വദേശി മിഷാല്‍ തോമസ് (37) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അല്‍കോബാറിലെ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സംരംഭമായ ജാസ് അറേബ്യയുടെ ഡയറക്ടര്‍ ആണ് മിഷാല്‍.

13 പേരടങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ബോട്ടിങ്ങിനു പോയതിനിടെയായിരുന്നു അന്ത്യം. നീന്തലിനായി ബോട്ട് നിര്‍ത്തിയതിനിടെ കൂട്ടുകാരോടൊപ്പം കടലില്‍ ഇറങ്ങിയെങ്കിലും തിരികെ കയറാന്‍ സാധിച്ചില്ല. പവിഴപ്പുറ്റ് കാണാന്‍ പോയപ്പോള്‍ അവിടെ കുടുങ്ങിപ്പോയതാണെന്നാണു വിവരം.

മൃതദേഹം കിങ് ഹമദ് ആശുപത്രിയില്‍ പരിശോധനകള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം നാട്ടിലോട്ട് കൊണ്ടുപോകും. മിഷാലിന്റെ മാതാപിതാക്കളോടൊപ്പം ഭാര്യയും രണ്ടു കുട്ടികളും ബഹ്‌റൈനിലുണ്ട്.