മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി; മുന്‍ മന്ത്രിയടക്കം നിരവധിയാളുകള്‍ പാര്‍ട്ടിവിട്ടു

single-img
8 December 2018

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ മുന്‍ ബി.ജെ.പി മന്ത്രി പ്രശാന്ത് ഹിരയും മുന്‍ എം.എല്‍.സി അപൂര്‍വ്വ ഹിരയും എന്‍.സി.പിയില്‍ ചേര്‍ന്നു. ഇരു നേതാക്കളുടെ അനുയായികളും കൂട്ടത്തോടെ എന്‍.സി.പിയില്‍ ചേര്‍ന്നിട്ടുണ്ട്. എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, നേതാക്കളായ ജയന്ത് പാട്ടീല്‍, ഛഗന്‍ ഭൂജ്പാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും പാര്‍ട്ടി പ്രവേശനം.

ബിജെപിയുടെ മോഹനവാഗ്ദാനങ്ങള്‍ കേട്ട് മടുത്തുവെന്നും തങ്ങളുടെ നാല് തലമുറകള്‍ ശരദ് പവാറിനൊപ്പം പ്രവര്‍ത്തിച്ചവരാണെന്നും എന്‍സിപിയിലേക്കുള്ള മടക്കം ഘര്‍വാപസിയാണെന്നും നേതാക്കള്‍ പറഞ്ഞു. 2014 ന് ശേഷം നാസിക്കില്‍ ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന് പ്രശാന്ത് ഹിരയ് കുറ്റപ്പെടുത്തി.

നാസിക്കില്‍ ഏറെ സ്വാധീനമുള്ള ഹിരയ് കുടുംബത്തില്‍പ്പെട്ടവരാണ് രണ്ട് നേതാക്കളും. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍സിപിയില്‍ നിന്നും ബിജെപിയിലേക്ക് ചേര്‍ന്നവരാണ് പ്രശാന്ത് ഹിരയും അപൂര്‍വ്വ ഹിരയും.