‘ഭൂമിയില്‍ മനുഷ്യനോടൊപ്പം അന്യഗ്രഹ ജീവികളും’

single-img
8 December 2018

ഭൂമിയില്‍ മനുഷ്യനോടൊപ്പം അന്യഗ്രഹ ജീവികളും കാണാന്‍ സാധ്യതയുണ്ടെന്ന് നാസ ഗവേഷകന്‍ സില്‍വിയോ പി കൊളമ്പനോ. നാസ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനാണ് ഇദ്ദേഹം. നാം ഇതുവരെ മനസില്‍ ആലോചിക്കുക കൂടി ചെയ്യാത്ത രൂപത്തിലാണ് അന്യഗ്രഹ ജീവികള്‍ എന്നതിനാലാണ് ഒരിക്കലും നമ്മള്‍ അവയെ തിരിച്ചറിയാത്തതെന്നാണ് ഇദ്ദേഹം പറയുന്നത്.

അന്യഗ്രഹ ജീവികള്‍ക്ക് മനുഷ്യര്‍ സങ്കല്‍പ്പിക്കുന്ന രൂപം ഇല്ല എന്നതിന് പുറമേ വലിപ്പകുറവും കൂടിയ ബുദ്ധി ശക്തിയും അവയെ തിരിച്ചറിയുന്നത് തടയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. മനുഷ്യന്റെ ശാസ്ത്ര പുരോഗതി അതിന്റെ നേട്ടങ്ങള്‍ വലിയ തോതില്‍ കൈവരിക്കാന്‍ ആരംഭിച്ചിട്ട് 500 വര്‍ഷങ്ങള്‍ ആകുന്നേയുള്ളു.

എന്നാല്‍ ഇപ്പോഴും സൂര്യന് അപ്പുറമുള്ള ഒരു നക്ഷത്രത്തിലേക്കുള്ള യാത്ര പോലും മനുഷ്യന് അസാധ്യമാണ്. അവരെക്കുറിച്ചുള്ള കെട്ടുകഥകളും മനസ്സിലുറച്ച ധാരണകളും ഉപേക്ഷിച്ച് കൂടുതല്‍ പഠനം നടത്താന്‍ ശാസ്ത്ര ലോകം തയാറാകണമെന്നും കൊളമ്പനോ നിര്‍ദേശിച്ചു.

പ്രഫസര്‍ കൂടിയായ കൊളമ്പനോയുടെ പ്രബന്ധം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, അന്യഗ്രഹ ജീവികള്‍ ഉണ്ടാകാനുള്ള സാധ്യത വിലയിരുത്തുക മാത്രമാണു താന്‍ ചെയ്തതെന്ന് കൊളമ്പനോ പിന്നീട് വിശദീകരിച്ചു. കൊളമ്പനോയുടെ ലേഖനത്തിന്റെ ലിങ്ക് നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.