Kerala

കോട്ടയത്ത് അറസ്റ്റിലായ 24കാരന്റെ പീഡനത്തിനിരയായത് 30ലേറെ പെണ്‍കുട്ടികളെന്ന് പോലീസ്; ജിന്‍സുവിന്റെ മൊബൈലില്‍ വിദ്യാര്‍ഥിനികളുടേതു മുതല്‍ മധ്യവയസ്‌കരുടേതു വരെയുള്ള നഗ്‌ന വീഡിയോ

കടുത്തുരുത്തിയില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശത്താക്കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈക്കം, വെച്ചൂര്‍, മറ്റം, ജിത്തുഭവനില്‍ ജിന്‍സ് സജിയുടെ (24) മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളുടേതു മുതല്‍ മധ്യവയസ്‌കരായ സ്ത്രീകളുടേതു വരെയുള്ളവരുടെ നാല്‍പതിലധികം നഗ്‌നചിത്രങ്ങളും വീഡിയോകളുമാണ് ജിന്‍സിന്റെ ഫോണില്‍ പ്രത്യേക ഫയലായി സൂക്ഷിച്ചത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളോടും യുവതികളോടും പ്രണയം നടിച്ച് ചാറ്റിങിലൂടെ ഇവരുടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്ന ജിന്‍സ് ഇതു സൂക്ഷിച്ചു വയ്ക്കും. പിന്നീട് ഇവരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി ശാരീരിക ബന്ധം പുലര്‍ത്തുന്നതാണു ജിന്‍സിന്റെ പതിവെന്നു പൊലീസ് പറഞ്ഞു.

30 ലധികം പെണ്‍കുട്ടികളെ ഇയാള്‍ ഈ രീതിയില്‍ ഉപദ്രവിച്ചെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. ഇത്തരത്തില്‍ ചതിയില്‍പ്പെട്ട ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള വിവരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓപ്പറേഷന്‍ ഗുരുകുലം ടീമിന് കൈമാറിയതോടെയാണ് ഇയാള്‍ പിടിയിലായത്.

പെയിന്റിങ് തൊഴിലാളിയായ ജിന്‍സിന് കഞ്ചാവു വില്‍പനസംഘവുമായി ബന്ധമുണ്ടെന്ന് എസ്‌ഐ എസ്. ശ്യാംകുമാര്‍ പറഞ്ഞു. ജിന്‍സിന്റെ മൊബൈലിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ മറ്റേതെങ്കിലും ഫോണുകളിലേക്കോ കംപ്യൂട്ടറുകളിലേക്കോ പകര്‍ത്തിയോയെന്നു പൊലീസ് അന്വേഷണത്തിലാണ്.

ഇതിനായി ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തും. ചിത്രങ്ങളും വീഡിയോകളും പുറത്തുപോയിട്ടുണ്ടെന്നാണു സൂചന. ചതിയില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. ജിന്‍സിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അടുത്തദിവസം അപേക്ഷ നല്‍കുമെന്നും എസ്‌ഐ എസ്. ശ്യാംകുമാര്‍ പറഞ്ഞു.

സംഭവത്തില്‍ രണ്ടുപേര്‍ മാത്രമാണ് പരാതി നല്‍കാന്‍ തയ്യാറായത്. പീഡനത്തിനിരയായവരിലേറെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഉയര്‍ന്ന കുടുംബത്തില്‍പെട്ടവരാണ്. മാനഹാനി ഭയന്ന് പലരും പരാതിയില്‍നിന്ന് പിന്മാറുന്നത് അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്.

മൂന്നു പരാതിയിലേറെ ലഭിച്ചാല്‍ പ്രതിക്കെതിരേ ഗുണ്ടാ ആക്ട്, കാപ്പ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് ശക്തിപ്പെടുത്താനാണ് പോലീസിന്റെ നീക്കം. ഫൊറന്‍സിക് ലാബില്‍ നടത്തുന്ന പരിശോധനയില്‍ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍ പ്രതിയുടെ ഫോണില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളുമായി പ്രതി പ്രണയത്തിലായശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ഈ രംഗം ഫോണില്‍ പകര്‍ത്തി തുടര്‍ച്ചയായി പീഡിപ്പിക്കുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്‌തെങ്കിലേ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് പ്രതിക്കെതിരേ കേസെടുത്തിട്ടുള്ളത്. തുടര്‍ന്ന് മറ്റൊരു കുട്ടിയും പരാതി നല്‍കാന്‍ തയ്യാറായി. പ്രായപൂര്‍ത്തിയായ ഇരകളുടെ പരാതിപ്രകാരം മാത്രമേ കേസെടുക്കാന്‍ കഴിയൂവെന്നതിനാല്‍ ഇവരെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി. എന്നാല്‍ പരാതി പറഞ്ഞ പലരും പോലീസിന് മൊഴി നല്‍കാന്‍ തയ്യറാകാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ കടുത്തുരുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.ജയനാണ് അന്വേഷണചുമതല.