ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ വെടിവെച്ചുകൊന്ന സൈനികന്‍ പിടിയില്‍

single-img
8 December 2018

ബുലന്ദ്ഷഹറില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ സൈനികന്‍ ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്‍. കശ്മീരീല്‍ ജിതേന്ദ്ര മാലികിന്റെ സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ സൈന്യം യുപി പൊലീസിനു കൈമാറും. സംഭവത്തിനുശേഷം വെള്ളിയാഴ്ചയാണ് ഇയാള്‍ സോപോറിലുള്ള സ്വന്തം യൂണിറ്റില്‍ തിരിച്ചെത്തിയത്.

കുറ്റവാളിയെ കണ്ടെത്താന്‍ എല്ലാവിധ സഹകരണങ്ങളും നല്‍കുമെന്ന് സൈന്യം അറിയിച്ചിരുന്നു. ഗ്രാമവാസികളുടെ മൊഴിയില്‍നിന്ന് ജീതു ഫൗജിയാണെന്ന് കണ്ടെത്തിയതായി മീററ്റ് സോണ്‍ ഈജി റാം കുമാര്‍ പറഞ്ഞിരുന്നു. മഹാവു ഗ്രാമവാസിയാണ് ജീതു. ചോദ്യം ചെയ്യലിനുശേഷം മാത്രമേ കൊലയില്‍ ഇയാളുടെ പങ്കു കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്നും കുമാര്‍ പറഞ്ഞു.

അതേസമയം ജീതുവിനെ അറസ്റ്റു ചെയ്യാന്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ശ്രീനഗറിലെത്തിയിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയതിനുശേഷം ഇയാളെ ബുലന്ദ്ഷഹര്‍ കോടതിയില്‍ ഹാജരാക്കും. പട്ടാളത്തില്‍ നിന്ന് അവധിയില്‍ വന്ന ഇയാള്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് സംഭവ സമയത്ത് ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തിനുശേഷം തിരക്കിട്ടു ജമ്മുവിലേക്കുമടങ്ങി. ഇയാളുടെ ജ്യേഷ്ഠനും പട്ടാളത്തിലാണ്. തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ വധിച്ചത് തന്റെ മകനാണ് എന്ന് തെളിഞ്ഞാല്‍ അയാളെ താന്‍ തന്നെ കൊല്ലുമെന്ന് നേരത്തെ ജീതുവിന്റെ മാതാവ് രത്തന്‍ കൗര്‍ ഒരു ചാനലിനോട് പ്രതികരിച്ചിരുന്നു. ജീത്തുവാണ് പൊലീസുകാരനെ കൊന്നത് എന്ന് ചിത്രമോ വീഡിയോയോ തെളിയിച്ചാല്‍ ഞാന്‍ തന്നെ അവനെ കൊല്ലും.

പൊലീസുകാരന്റെയും മറ്റേ യുവാവിന്റേയും കൊലപാതകങ്ങളില്‍ എനിക്ക് വിഷമമുണ്ട് – ജീത്തു ഫൗജിയുടെ അമ്മ രത്തന്‍ കൗര്‍ ഒരു ചാനലിനോട് പ്രതികരിച്ചു. അതേസമയം പൊലീസ് തന്റെ വീട് റെയ്ഡ് ചെയ്ത് അതിക്രമം നടത്തിയതായും ജീത്തുവിന്റെ ഭാര്യ പ്രിയങ്കയെ മര്‍ദ്ദിച്ചതായും വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചതായും രത്തന്‍ കൗര്‍ പരാതിപ്പെടുന്നു.

ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന്റെ വീഡിയോകളില്‍ സുബോധ്കുമാറിന് സമീപം ജിതേന്ദ്ര ഫൗജി നില്‍ക്കുന്നത് വ്യക്തമാണ് എന്ന് പൊലീസ് പറയുന്നുണ്ട്. കൊലപാതകം നടന്ന അന്ന് വൈകുന്നേരം തന്നെ ഇയാള്‍ താന്‍ ജോലി ചെയ്യുന്ന ശ്രീനഗറിലേയ്ക്ക് തിരിച്ചുപോയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ചയാണ് പശുക്കളുടെ അഴുകിയ ജഡങ്ങള്‍ കണ്ടതിന്റെ പേരില്‍ ബുലന്ദ്ഷഹറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം തടയാന്‍ എത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗും 20 വയസുകാരനായ യുവാവും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പശുക്കളെ കൊന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചതിന് പിന്നാലെയായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. കാലപകാരികള്‍ സുബോധ് കുമാറിനു നേരെ കല്ലെറിഞ്ഞു. തലയ്ക്ക് പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരു സംഘം പിന്തുടര്‍ന്ന് എത്തി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.