Latest News

ബുലന്ദ്ശഹറിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കൊലപാതകം അപകടം മാത്രമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: ബുലന്ദ്ശഹറിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കൊലപാതകത്തില്‍ മൗനം വെടിഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതൊരു ആള്‍ക്കൂട്ട കൊലപാതകമല്ലെന്നും ആകസ്മിക സംഭവമാണെന്നുമായിരുന്നു യോഗിയുടെ പ്രതികരണം.

സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ ആയിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.

തിങ്കളാഴ്ചയാണ് ബുലന്ദ്ശഹറില്‍ ഗോവധവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെ സുബോധ് കുമാര്‍ സിങ് എന്ന പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചത്. പ്രദേശവാസിയായ ഇരുപതുവയസ്സുകാരനും ആക്രമണത്തില്‍ മരിച്ചിരുന്നു. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 90 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യു.പിയില്‍ കലാപമുണ്ടായ ഉടനെ വിവരം മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും തെലങ്കാനയിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുത്ത ശേഷം ഗോരഖ്പൂരിലെ ലേസര്‍ ഷോയുടെ ഉദ്ഘാടനം കൂടി കഴിഞ്ഞ ശേഷമായിരുന്നു മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം വിളിച്ചത്.

യോഗത്തില്‍ പശുവിനെ കൊന്നവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്നായിരുന്നു യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഇത്രയും ദിവസത്തിന് ശേഷവും വിഷയത്തില്‍ കാര്യമായ പ്രതികരണമൊന്നും നടത്താന്‍ യോഗി ആദിത്യനാഥ് തയ്യാറായിരുന്നില്ല. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് യോഗി ആദിത്യനാഥ് തയ്യാറായത്.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മൗനത്തിനെതിരെ വിമര്‍ശനവുമായി കൊല്ലപ്പെട്ട സുമിത്തിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ഇല്ലെങ്കില്‍ കുടുംബത്തിലെ ഏഴ് പേരും ആത്മഹത്യ ചെയ്യുമെന്നും കുടുംബം പറഞ്ഞിരുന്നു.

കലാപം മനപൂര്‍വം തയ്യാറാക്കിയതാണെന്ന് വ്യക്തമാകുന്ന തെളിവുകളെല്ലാം ഇതിനകം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കലാപത്തിന് ആസൂത്രണം നല്‍കിയതിന്റെ പേരില്‍ ബജ്‌റംഗദള്‍ നേതാവിനെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ കൊലപാതകം നടത്തിയ പ്രതി ആരെന്ന കാര്യത്തില്‍ ഇപ്പോഴും പൊലീസിന്റെ കയ്യില്‍ മറുപടിയില്ല.

ബുലന്ദ്ശ്വര്‍ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിരുന്നു. പശുവിന്റെ അവശിഷ്ടം പാടത്ത് തൂക്കിയിട്ടതും, സംഭവം അറിഞ്ഞയുടന്‍ ഹിന്ദുത്വ സംഘടനകളുടെ വന്‍ സംഘം തന്നെ അവിടെയെത്തിയെന്നതും ഈ സംശയം ബലപ്പെടുത്തിയിരുന്നു.

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന മഹൗ ഗ്രാമത്തില്‍ ചത്ത പശുവിന്റെ അവശിഷ്ടം കരിമ്പ്പാടത്ത് തൂക്കിയിട്ട നിലയിലായിരുന്നെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളായ തഹസില്‍ദാര്‍ രാജ്കുമാര്‍ ഭാസ്‌ക്കര്‍ പറഞ്ഞിരുന്നു.

പശുവിന്റെ തലയും തൊലിയുമെല്ലാം വസ്ത്രം ഹാങ്ങറില്‍ തൂക്കിയിട്ടത് പോലെയായിരുന്നു. ഇത് സാധാരണ നടക്കാത്ത സംഭവമാണ്. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം കണക്കിലെടുക്കുകയാണെങ്കില്‍ അറവകാരൊന്നും ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡിസംബര്‍ 1 മുതല്‍ 3 വരെ മുസ്ലിം വിഭാഗമായ തബ്ലീഗ് ജമാഅത്തിന്റെ ‘ഇജ്‌തെമാഅ്’ പരിപാടി ബുലന്ദ് ശഹറില്‍ നടന്നിരുന്നു. 10 ലക്ഷം പേര്‍ പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ബുലന്ദ്ശഹര്‍ ദേശീയ പാതയിലൂടെയാണ് ഈ ആളുകള്‍ സഞ്ചരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലവും സമയവും സംശയസ്പദമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.