സര്‍ക്കാരിന് തിരിച്ചടി; ശബരിമല കേസുകള്‍ വേഗത്തില്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

single-img
7 December 2018

ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരായ സര്‍ക്കാരിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ക്രമപ്രകാരം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇതോടെ സര്‍ക്കാരിന്റെ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കണമെന്ന ആവശ്യത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്. ഡിസംബര്‍ 15 മുതല്‍ കോടതി അവധിയാണ്. യുവതീ പ്രവേശന വിധി സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 22ന് വാദം കേള്‍ക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇതിന് മുമ്പ് വാദം കേള്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരാണ് നിരീക്ഷക സമിതിയിലുള്ളത്. സമിതി കഴിഞ്ഞ ദിവസം ശബരിമല സന്നിധാനം സന്ദര്‍ശിച്ചിരുന്നു.

ഹൈക്കോടതി നടപടി പൊലീസിനും എക്‌സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ആവശ്യമാണെങ്കില്‍ സുപ്രീം കോടതിക്ക് മേല്‍നോട്ട സമിതിയെ നിയോഗിക്കാമെന്നും സര്‍ക്കാര്‍ നിലപാടെടുക്കുന്നു.