ശശികലയുടെ അറസ്റ്റ്: പൊലീസില്‍ വിവാദം

single-img
7 December 2018

ശബരിമല വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്യാന്‍ താമസം നേരിട്ടുവെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി സുദര്‍ശനെതിരെ ഐ.ജി വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പിയോട് ഡി.ജി.പി വിശദീകരണം ചോദിച്ചേക്കും.

ശബരിമലയില്‍ സംഘര്‍ഷമുണ്ടാവുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കരുതലായാണ് ശശികലയെ അറസ്റ്റ് ചെയ്തത്. മരക്കൂട്ടത്ത് ശശികലയെത്തുമ്പോള്‍ എസ്.പിയും ഡിവൈ.എസ്.പിയും സ്ഥലത്തുണ്ടാകാതിരുന്നത് വിവാദമായിരുന്നു.

എന്നാല്‍ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്ന എസ്.പിയുടെ നിലപാടിന് പോലീസില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. ഉന്നത പോലീസുദ്യോഗസ്ഥരുടെ അഭാവത്തില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് വനിതാ പോലീസ് എത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്ത് നീക്കിയത്.

എസ്. പി ഉണ്ടായിരുന്നെങ്കില്‍ അറസ്റ്റ് ഇത്രയും വൈകില്ല എന്ന വിലയിരുത്തല്‍ അന്ന് തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുണ്ടായിരിന്നു. ഇത് പരിശോധിച്ചാണ് ഐ.ജി വിജയ് സാഖറെ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിജിപിക്ക് നല്‍കിയത്. അറസ്റ്റ് വൈകിയതില്‍ എസ്. പിക്ക് ഉത്തരവാദിത്തമുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.

ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുമുള്ള പോലീസ് നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് ശശികലയെ അറസ്റ്റ് ചെയ്ത് നീക്കിയത്. മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്ത ശേഷം വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചു. അവിടെ നിന്ന് പോലീസ് ബസില്‍ റാന്നിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്ന ശശികല അഞ്ചുമണിക്കൂറോളമാണ് മരക്കൂട്ടത്ത് കുത്തിയിരുന്നത്.