ഏപ്രില്‍ മുതല്‍ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധം

single-img
7 December 2018

പുതിയ വഹനങ്ങള്‍ക്ക് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കുന്നു. ഏപ്രില്‍ മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ഇതുപ്രകാരം ഹോളോഗ്രാം പതിപ്പിച്ച നമ്പര്‍ പ്ലേറ്റുകളായിരിക്കും വാഹനനിര്‍മ്മാതാക്കള്‍ നല്‍കുക. ഡീലര്‍മാര്‍ക്കാണ് നമ്പര്‍ പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിക്കേണ്ട ചുമതല.

പുതിയ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഞ്ജാപനവും മോട്ടോര്‍ വകുപ്പ് പുറത്തിറക്കി. എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. അതേസമയം അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ പഴയ വാഹനങ്ങള്‍ക്ക് വേണമെന്നുള്ളവര്‍ക്ക് അത് ഘടിപ്പിക്കുന്നതില്‍ തടസ്സമില്ല.

പുതിയ വിജ്ഞാപനപ്രകാരം നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിര്‍മ്മാതാക്കള്‍ക്കാണ്. ഇതുപ്രകാരം നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള ഏജന്‍സിയെ വാഹനനിര്‍മ്മാതാവിന് ഏര്‍പ്പെടുത്താം. രജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ സ്ഥാപിക്കും.

ഇത് ഇളക്കിമാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സ്‌ക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക. പുതിയ സംവിധാനം പ്രാബല്യത്തിലാവുന്നതോടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം നിലവില്‍ വരും.