23 ദിവസത്തിന് ശേഷം കെ.സുരേന്ദ്രന് ജയില്‍മോചനം; ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

single-img
7 December 2018

കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ചിത്തിര ആട്ട വിശേഷദിവസം ശബരിമലയില്‍ സ്ത്രീയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ ശക്തമായി വാദിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു. 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ മോചിതനാകുന്നത്.

കഴിഞ്ഞ മാസം 17നാണ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പുറപ്പെട്ട സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. തന്നെ ആജീവനാന്തം ജയിലിലിടാനുള്ള ഗൂഢാലോചനയാണ് പൊലീസ് നടത്തുന്നതെന്നു സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. പൊലീസ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു. പൊലീസിന്റെ കള്ളക്കള്ളിയാണിത്.

പൊലീസിന്റെ പ്രതികാര നടപടികളുടെ ഒടുവിലത്തെ ഉദാഹരമാണ് തനിക്കു ചായ വാങ്ങി നല്‍കിയ ഇന്‍സ്‌പെക്ടര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കോടതിയില്‍ സുരേന്ദ്രനെ എത്തിച്ചപ്പോള്‍ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സംഘടിച്ചിരുന്നു. പൂജപ്പുര ജയിലിലേക്കു തിരികെ കൊണ്ടു പോകുമ്പോള്‍ പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിനു മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

സുരേന്ദ്രനെതിരെ 15 കേസുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. എട്ട് കേസുകളില്‍ ജാമ്യം എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്, വാറന്റ് ആയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വ്യത്യസ്ത സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 15 കേസുകളിലെ അവസാനത്തെ കേസാണ് ശബരിമല ചിത്തിര ആട്ട സമയത്തെ വധശ്രമക്കേസ്.