സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; ദിവസവും അക്കൗണ്ടില്‍ നിന്ന് പണം അപ്രത്യക്ഷമാകും: തട്ടിപ്പ് യുപിഐ ആപ് വഴി

single-img
7 December 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘത്തെ സൈബര്‍ ഡോം കണ്ടെത്തി. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം പ്രത്യേക മൊബൈല്‍ ആപ് രൂപീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ബാങ്കുകള്‍ മൊബൈല്‍ പണമിടപാട് സൗകര്യം ലഭ്യമാക്കുന്ന യു.പി.ഐ സംവിധാനം വഴിയാണ് തട്ടിപ്പ് നടക്കുന്നത്.

അക്കൗണ്ട്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ഇതുവഴി ചോര്‍ത്തുന്നതായി കണ്ടെത്തി. ഒട്ടേറെപ്പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നും 10 കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെന്നും ഐജി മനോജ് ഏബ്രഹാം പറഞ്ഞു. തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന് സൈബര്‍ ഡോം നിര്‍ദേശിക്കുന്നു. തട്ടിപ്പിന്റെ വിവരങ്ങള്‍ സൈബര്‍ ഡോം റിസര്‍വ് ബാങ്കിന് കൈമാറിയിട്ടുണ്ട്.

തട്ടിപ്പിന് ശേഷമാണ് അക്കൗണ്ട് ഉടമകള്‍ വിവരമറിയുക. തട്ടിപ്പ് വഴി ഒരു ദിവസം ഒരുലക്ഷം രൂപ വരെയാണ് പിന്‍വലിക്കുക. ക്രഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്താലും ഇത്തരം സംഘങ്ങള്‍ സജീവമായിരിക്കും. വിവധ ബാങ്കുകളുടേതായി നിലവില്‍ 59 ആപ്പുകളാണ് പണം കൈമാറാനായി ഉപയോഗിക്കുന്നത്.

ഇത്തരത്തിലുള്ള ആപ്പുകളുടെ സുരക്ഷാ ന്യൂനതകള്‍ മുതലെടുത്താണ് തട്ടിപ്പുകള്‍ നടത്തുന്നത്. എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പരുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇത്തരം നമ്പരുകള്‍ കേന്ദ്രീകരിച്ചായിരിക്കും തട്ടിപ്പ് തുടങ്ങുക. ആദ്യം ഈ നമ്പരുകളിലേക്ക് മെസേജ് അയക്കുകയും പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി ഫോണ്‍ വിളിക്കുകയും ചെയ്യും.

ഇത്തരത്തിലെത്തുന്ന കോളുകള്‍ ഫോണിലെത്തിയ ഒ.ടി.പി ആവശ്യപ്പെടും. ഈ നമ്പര്‍ ലഭിക്കുന്നതോടെ ഇവര്‍ പണം തട്ടുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. ലഭിച്ച ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ് സംഘങ്ങള്‍ അവരുടെ മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും അത് വഴി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്യും.

ഇതുവെര 15ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിയെ തുടര്‍ന്ന് ക്രഡിറ്റ് കാര്‍ഡും അക്കൗണ്ടും ബ്ലോക്ക് ചെയ്തിട്ടും പണം നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. തുടര്‍ന്നാണ് ആപ്പുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.