ആര്‍ക്കും ഞങ്ങളെ തടയാനാവില്ല; ബംഗാളില്‍ റാലി നടത്തിയിരിക്കും; ഹൈക്കോടതിയെ വെല്ലുവിളിച്ച് അമിത് ഷാ

single-img
7 December 2018

പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രഥയാത്രക്ക് സംസ്ഥാനസര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ബംഗാളില്‍ ഭീകരവാഴ്ചയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ജനാധിപത്യത്തെ ഞെരിച്ചുകൊണ്ടിരിക്കുകയാണെന്നും അമിത് ഷാ വിമര്‍ശിച്ചു. രഥയാത്ര മുന്നോട്ട് പോകുക തന്നെ ചെയ്യും. ആര്‍ക്കും തങ്ങളെ തടയാനാവില്ല- അമിത് ഷാ വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ സീറ്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി രഥയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. യാത്രക്ക് അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഹൈക്കോടതി ശരി വെച്ചിരുന്നു. വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമര്‍പ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. കൂച്ച് ബെഹാറില്‍ നിന്ന് യാത്ര തുടങ്ങാനായാരിന്നു ബി.ജെ.പി പദ്ധതി. കൂച്ച് ബെഹാര്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള ജില്ലയാണെന്നും അമിത് ഷായുടെ രഥയാത്രയ്ക്കിടെ അക്രമം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മറ്റുസ്ഥലങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരും ജില്ലയിലെത്തുന്നത് സംഘര്‍ഷത്തിന് ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ബി.ജെ.പി ഭരിക്കാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നായ ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തെരഞ്ഞെടുപ്പാണ് ബി.ജെ.പി നടത്തുന്നത്. ആകെയുള്ള 42 സീറ്റുകളില്‍ പകുതി സീറ്റെങ്കിലും നേടുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. നിലവില്‍ ബി.ജെ.പിക്ക് രണ്ട് ലോക്‌സഭാ സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്.