സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ മുറിയില്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; നെഹ്‌റുവിന് ശേഷം 60 വര്‍ഷത്തിനിടെ ഇതാദ്യം; മോദി എത്തിയത് റഫാല്‍, സിബിഐ കേസുകളില്‍ വിധി പറയാനിരിക്കെ

single-img
6 December 2018

സുപ്രീം കോടതിയില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയിലെ ഇപ്പോഴത്തെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കോടതിയിലെത്തിയതിനുശേഷം 60 വര്‍ഷത്തിനിടെ മറ്റൊരു പ്രധാനമന്ത്രിയും സുപ്രീം കോടതി സന്ദര്‍ശിച്ചിട്ടില്ല.

കഴിഞ്ഞ മാസം 25ന് ചീഫ് ജസ്റ്റീസായി ചുമതലയേറ്റ രഞ്ജന്‍ ഗൊഗോയിയുടെ ഒന്നാം നമ്പര്‍ കോടതി മുറിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ദി വയറാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്.

മോദിയുടെ സന്ദര്‍ശനം ചീഫ് ജസ്റ്റീസില്‍ ആശ്ചര്യം സൃഷ്ടിച്ചെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 25ന് ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ജഡ്ജിമാര്‍ക്കായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി ഒരുക്കിയ വിരുന്നിലേക്കു പ്രധാനമന്ത്രിയെയും ക്ഷണിച്ചിരുന്നു.

വൈകിട്ട് എട്ടോടെ പ്രധാനമന്ത്രി സുപ്രീം കോടതിയിലെത്തി. വിരുന്നിടെ മോദി നിരവധി ജഡ്ജിമാരുമായി സംഭാഷണം നടത്തി. ഒമ്പതര വരെയാണ് വിരുന്നിനു സമയമെങ്കിലും അതിനുശേഷവും മോദി വിരുന്ന് നടന്ന ഹാളില്‍ തുടര്‍ന്നു. ഇതിനുശേഷമാണ് മോദി ഗൊഗോയിയുടെ കോടതി മുറിയില്‍ പോകാന്‍ താത്പര്യം പ്രകടിപ്പിച്ചത്.

ഇത് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട നിര്‍ണായക കേസുകള്‍ പരിഗണിക്കുന്നതാണ് ഒന്നാം നമ്പര്‍ കോടതി മുറി. റഫാല്‍ ഇടപാട്, സിബിഐയിലെ കേന്ദ്രത്തിന്റെ അഴിച്ചുപണി എന്നിവയൊക്കെ ഇവിടെയാണ് പരിഗണിക്കുന്നത്.

റഫാല്‍, സിബിഐ കേസുകളില്‍ വിധി പറയാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനം. ഗുജറാത്ത് കലാപക്കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജികളും ഈ കോടതി മുറിയിലാണ് പരിഗണിക്കുന്നത്. എന്നാല്‍ ചീഫ് ജസ്റ്റീസ് തന്നെ മോദിയെ തന്റെ കോടതി മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

മുറിയില്‍ ഒന്നാം നമ്പര്‍ കസേരയില്‍ ഇരുന്ന മോദി, ഇവിടുത്തെ കീഴ്‌വഴക്കങ്ങള്‍ സംബന്ധിച്ച് ചീഫ് ജസ്റ്റീസിനോട് അന്വേഷിച്ചു. പിന്നീട് ചീഫ് ജസ്റ്റീസിന്റെ ക്ഷണപ്രകാരം ചായയും കുടിച്ചശേഷം പത്തോടെയാണ് മോദി മടങ്ങിയതെന്നാണു ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.