മാധുരി ദീക്ഷിത് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക്

single-img
6 December 2018

ബോളിവുഡ് നടി മാധുരി ദീക്ഷിതിനെ ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്കു മത്സരിപ്പിക്കാന്‍ ആലോചനയെന്നു റിപ്പോര്‍ട്ട്. പൂന ലോക്‌സഭാ മണ്ഡലത്തില്‍നിന്നു മാധുരി ജനവിധി തേടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജൂണില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തി മാധുരി ദീക്ഷിതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മാധുരി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയിലുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വലിയ മാറ്റം ഒന്നും ഉണ്ടായില്ലെങ്കില്‍ മാധുരി തന്നെയാകും പൂനെയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്നാണ് ഈ നേതാവിന്റെ പക്ഷം.

അന്‍പത്തിയൊന്നുകാരിയായ മാധുരി ദീക്ഷിത് ബോളിവുഡിലെ നിത്യഹരിത നായികമാരില്‍ ഒരാളാണ്. ദേവദാസ്, ദില്‍ തോ പാഗല്‍ ഹേ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായികാ വേഷത്തിലൂടെ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. പുതുമുഖങ്ങളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുന്നത് മോദി ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് എന്നാണ് ബി.ജെ.പിക്കുള്ളിലെ മുതിര്‍ന്ന വക്താക്കള്‍ വിലയിരുത്തുന്നത്.

പുതുമുഖങ്ങളെ മത്സരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വിമര്‍ശിക്കാനാകില്ല എന്നതാണ് പാര്‍ട്ടി തന്ത്രം. പണ്ട് ഈ തന്ത്രം ഉപയോഗിച്ച് ഗുജറാത്തില്‍ എതിരാളികളെ ഞെട്ടിച്ച ചരിത്രവും മോദിക്കുണ്ട്. 2014ല്‍ പൂനെ ലോക്‌സഭാ മണ്ഡലം ബിജെപി കോണ്‍ഗ്രസില്‍നിന്നു പിടിച്ചെടുത്തിരുന്നു. മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനില്‍ ഷിരോള്‍ വിജയിച്ചത്.